Skip to main content

നാട്ടാമ

വര്‍ഷത്തില്‍ മുന്നൂറ്റി ഇരുപത്തി അഞ്ചു ദിവസവും പരമാവധി കച്ചറ ആയി നടക്കുന്ന ശാലു, നാല്പതു ദിവസം മാന്യനാവും, ശബരി മലക്ക് പോവാന്‍ മാല ഇടുന്ന നാല്പതു ദിവസം. രാവിലെ ഒന്‍പതു മണിക്ക് എഴുന്നേല്‍ക്കുകയും പുലര്‍ച്ചെ മൂന്ന് മണിക്ക് ഉറങ്ങുകയും ചെയുന്ന അവന്‍, രാവിലെ ആറു മണിക്ക് ഉണരുകയും രാത്രി പത്തു മണിക്ക് ഉറങ്ങുകയും ചെയ്യും.

സത്യത്തില്‍ ഈ നാല്പതു ദിവസം എനിക്കും നല്ലതാണു, വയ്കുന്നെരങ്ങളില്‍ അമ്പലത്തില്‍ പോവാന്‍, രാവിലെ വിളിച്ചുണര്‍ത്താന്‍, അക്കയുടെ മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ പോവാന്‍, എല്ലാതിനും അവന്‍ കൂടെ വരും. സാദാരണ വായ തുറന്നാല്‍ പച്ച തെറി മാത്രം പറയുന്ന അവന്‍ ഈ നാല്പതു ദിവസം രാവിലെ കുറിയും തൊട്ടു കുഞ്ഞാടിന്റെ മുകവുമായി നടക്കും. ഈ സമയത്തു ആരെങ്കിലും തെറി പറഞ്ഞാലും അവന്‍ തിരിച്ചു ഒന്നും പറയാതെ ചിരിച്ചു കൊണ്ടിരിക്കും (മലക്ക് പോയി തിരിച്ചു വന്നു അത് പലിശ സഹിതം കൊടുക്കുമെന്കിലും).

രാവിലെ കുളി, അല്‍പ നേരം ഭക്തി ഗാനം (കാസെറ്റില്‍), രാവിലെ ഭക്ഷണം അക്ക മെസ്സില്‍, ഉച്ച ഭക്ഷണം കോളേജ് കാന്ടീനില്‍, രാത്രി ഭക്ഷണം അന്പ് ദേവിയില്‍, നോണ്‍ വെജ് ഇല്ല, ബിയര്‍ ഇല്ല, മാസത്തി ഒരാഴ്ച അക്ക മെസ്സില്‍ കയറില്ല.


ഈ അവസരം മുതലെടുത്ത്‌ ഒരു മണികൂര്‍ നേരം ഒരു ശനിയാഴ്ച വയ്കുന്നേരം ജെറിന്‍ ശാലുവിനെ തെറി വിളിച്ചു, ഞാന്‍ മനസ്സില്‍ ഓര്ത്തു

"ഇവന്‍ കൊടുങ്ങലൂര്‍ കാരന്‍ തന്നെ, എന്തൊക്കെ പുതിയ തെറികള്‍"

എല്ലാം കേട്ടിട്ട് ശാലു ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടു പോയി. ജെറിന്‍ ഒരു പുഞ്ചിരിയോടെ തന്‍റെ അയ്യപ്പന്‍ പൊസിഷനില്‍ തിരിച്ചു പോയി.

"ഡാ നീ ഇത്രയും പറഞ്ഞിട്ട് അവന്‍ ഒന്നും മിണ്ടാത്തത്‌ എന്ത് കൊണ്ടാണ് എന്ന് അറിയാമോ?" ഞാന്‍ ചോദിച്ചു.

"അവന്‍ സാമി ആയതു കൊണ്ടല്ലേ, ഞാന്‍ ഇനി നാല്പതു ദിവസവും അവനെ തെറി വിളിക്കും"

"അല്ലെടാ, സാമി ആയവരെ തെറി വിളിച്ചാല്‍, അവര്‍ ചെയ്ത എല്ലാ പാപങ്ങളും വിളിച്ച ആള്‍ക്ക് കിട്ടും, അവനതറിയാം അതാ"

ശാലുവിന്റെ പാപങ്ങള്‍ മുഴുവന്‍ എടുക്കാന്‍ തന്‍റെ കുഞ്ഞു ചുമലുകള്‍ക്ക് ബലം ഇല്ലാത്തതു കൊണ്ടായിരിക്കാം, ജെറിന്‍ കുറച്ചു നേരം തരിച്ചിരുന്നു, പിന്നെ എന്നെ നോക്കി പറഞ്ഞു "നീ ചുമ്മാ പേടിപിക്കാന്‍ പറഞ്ഞതല്ലേ"

"നീ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി" ഞാന്‍ തിരിഞ്ഞു എന്‍റെ റൂമിലേക്ക്‌ നടന്നു.

പക്ഷെ അതിന് ശേഷം ജെറിന്‍ ശാലുവിനെ തെറി വിളിച്ചിട്ടില്ല, മാത്രമല്ല പിന്നെ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോവാന്‍ തുടങ്ങി.

മണ്ഡല കാലത്തു ശാലുവിന് ഒരു കൂടുകാരന്‍ ഉണ്ടായിരുന്നു സ്ഥലത്തെ നാട്ടാമ കൌണ്ടര്‍. വര്‍ഷത്തില്‍ എല്ലാ ദിവസവും മാലയിടുകയും, ചുരുങ്ങിയത് ആറു തവണയെങ്കിലും മലക്ക് പോവുകയും ചെയുന്ന നാട്ടാമ. പി സി ബി യിലെ സജി ഞങ്ങളോട് പറഞ്ഞതു കാങ്ങയം ടൌണിന്റെ പകുതി പുള്ളിയുടെതാണ് എന്നാ, ദിവസവും ശങ്കര്‍ സിമെന്റിന്റെ ഒരു ചക്കിലാണ് പണം പുള്ളിയുടെ വീട്ടില്‍ കൊണ്ടുപോകുന്നത് അത്രേ.

പുള്ളിയുടെ ഹോട്ടല്‍ ആയിരുന്ന അന്പ് ദേവിയില്‍ ആണ് പുള്ളിയെ എന്നും കാണുക, ബാലു അണ്ണനെയും സോക്കന്നനെയും ഉപദേശിച്ചും, അധിധികളെ സല്കരിച്ചും, അവരോട് കുശലം ചോദിച്ചും നാടാമ അവിടെ ഇരിപ്പുണ്ടാകും. ദേഹം മുഴുവന്‍ ഭസ്മവും, നെഞ്ചില്‍ മുഴുവന്‍ മാലകളും, നെറ്റിയില്‍ ചന്ദനവും ആയി ഇരിക്കുന്ന നാടമയെ കാണുമ്പൊള്‍ മനസ്സില്‍ അല്പം പേടി തോനിയിരുന്നു, ഇനി ഇയാള്‍ ചാടി എഴുനീറ്റു തമിള്‍ സിനിമയില്‍ കാണുന്നത് പോലെ.

"നാടാമ തീര്‍പ്പ് മാറ്റ മാട്ടെ" എന്നോ മറ്റോ പറയുമോ എന്ന്, അതിനാല്‍ ഹോട്ടലില്‍ ചെന്നാല്‍ പുള്ളിയെ അധികം നോക്കാതെ ഇലയില്‍ വന്നു വീഴുന്ന പനിയാരം, പൊങ്കല്‍, ഇഡലി, ദോശ, സാംബാര്‍, മുട്ട കറി ഇവ തീര്‍ക്കുന്നതില്‍ ശ്രദ്ധിക്കും. ഒരു തവണ ഞാന്‍ എന്‍റെ ഒരു സംശയം ശാലുവിനോട് ചോദിച്ചു.

"ഡാ ഇയാളെ ആരും എന്താ നാട്ടമേ എന്ന് വിളിക്കാത്തെ, എല്ലാരും അണ്ണാ എന്നാണല്ലോ വിളിക്കുന്നെ"

"പുള്ളികങ്ങനെ വിളിക്കുനത്‌ ഇഷ്ട്ടംയിരിക്കില്ല നീ തിന്നിട്ടു എണിറ്റു വാ"

ഒരു മണ്ഡലകാലതാണ് ഞാന്‍ ഒരു കാര്യം മനസിലാക്കിയത്, സാമിമാര്‍ അന്പ് ദേവിയില്‍ കാശ് കൊടുക്കേണ്ട. അവര്ക്കു ഫ്രീ ആണ്. അതിന് വേണ്ടി ഒന്നു മാലയിട്ടലോ എന്ന് ഞാനും, ഈ തോമ സ്ലിഹ പണ്ടു വന്നില്ലയിരുന്നെകില്‍ നന്നായിരുന്നു എന്ന് ജെരിനും ഓര്ത്തു. ശാലുവിനു നാല്പതു ദിവസം കുശാല്‍.

"ഈ കാശ് മുഴുവന്‍ അങ്ങോരു എന്ത് ചെയ്യും", ദിവസവും ഒരു ചാക്ക് കാശ്.

ഞാന്‍ ഇടക്കൊക്കെ വെറുതെ ഇരുന്നു ആലോചിക്കും. അത്രയും കാശ് കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യും. വേറെ പണി ഒന്നും ഇല്ലാത്ത ഉച്ച നേരങ്ങളില്‍ ഞാന്‍ ആലോചിക്കും.

വര്‍ഷങ്ങള്‍ കടന്നു പോയി, ജോലി കിട്ടി കൊച്ചിയില്‍ എത്തി, വിവാഹം കഴിഞു കുട്ടികളായി. ഭാര്യ നാട്ടില്‍ പോയാല്‍ ഭക്ഷണം ആര്യസില്‍ നിന്നാണ്. അവിടെ തമിള്‍ രീതിയില്‍ ഉള്ള ഭക്ഷണം കിട്ടും. ഭാര്യ നാട്ടില്‍ പോയാല്‍ ഞാന്‍ അവിടത്തെ ഒരു സ്ഥിരം കസ്റ്റമര്‍ ആയിരുന്നു.

"സര്‍ എന്നാ വേണം", പതിവില്ലാതെ തമിലില്‍ ഉള്ള ചോദ്യം കെട്ട് ഞാന്‍ നോക്കി. ഒരു നിമിഷം എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല "നാട്ടാമ", നന്നായി മെലിഞ്ഞിട്ടുണ്ട്, കറുപ്പ് അല്പം കൂടിയിട്ടുണ്ട്, പക്ഷെ നെറ്റിയിലെ ചന്ദനത്തിനും കഴുത്തിലെ മലയും അത് പോലെ തന്നെ, ദേഹത്ത് ഭസ്മം ഉണ്ടോ എന്ന് അറിയില്ല, ഷര്‍ട്ട്‌ ഇട്ടിട്ടുണ്ട്.

"പൂരി മസാല", ഞാന്‍ യാന്ദ്രികമായി പറഞ്ഞു. പുള്ളിക്കെന്നെ മനസിലായിട്ടില്ല, എന്നെ മന്സിലവരുതെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. ഭക്ഷണം കഴിഞ്ഞു കാശു കൊടുത്തു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കൌണ്ടറില്‍ ഇരുന്ന പയ്യനോട് ചോദിച്ചു.

"അതാരാ പുതിയ സപ്ലയര്‍?"

"ഓ പുള്ളിയോ, മൂപര്‍ക്ക് പണ്ടു തമിള്‍ നാട്ടില്‍ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞു, ഒക്കെ നഷ്ടത്തില്‍ ആയപ്പോള്‍ നിര്ത്തി, നല്ല മനുഷ്യനാ, എന്ത് പറ്റി",

"ഒന്നുമില്ല വെറുതെ ചോദിച്ചതാ"

അപ്പോള്‍ ഇങ്ങേരു കൊടിശ്വരന്‍ അല്ലെ, പാവം ആ ഹോട്ടല്‍ നടത്തി കൊണ്ടു പോവുകയായിരുന്നു, ഞാന്‍ ഇതു പറഞ്ഞപ്പോള്‍ ജെരിനും ശാലുവും വിശ്വസിച്ചില്ല, പക്ഷെ ഞാന്‍ ആര്യസില്‍ പോക്ക് നിര്ത്തി.

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...

Mumbai Police (Daring attempt)

                  ഏതാണ്ട് ഒരു വര്ഷം മുൻപാണ്  അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്.  അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്. കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ്‌ കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ? പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രി...