Skip to main content

തലമുറകൾ


 


ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ നിന്നും പുറത്തു ഇറങ്ങിയപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു, കുനിഞ്ഞ മുഖവുമായി നടന്നു നീങ്ങുമ്പോൾ രാധാമണി കരച്ചിൽ അടക്കാൻ പാട് പാടുന്നത് മൈത്രേയൻ ശ്രദ്ധിച്ചു.

"നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് , നമുക്ക് രണ്ടു പേർക്കും കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞില്ലേ, ഓരോന്നിനും സമയം ഉണ്ട് അത് വരെ കാത്തിരിക്കാം"

മൈത്രേയന്റെ വാക്കുകൾ  രാധാമണിയിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല, രാധാമണിയുടെ വലതുകൈയ്യിൽ ഉള്ള ബാഗ് തന്റെ വലതു കയ്യിലേക്ക് മാറ്റി , അവളുടെ കൈ പിടിച്ചു ആശുപത്രി വരാന്തയിലൂടെ അവർ  പതുക്കെ നടന്നു.

"ഒരു മണി ആയില്ലേ ഇനി കഴിച്ചിട്ട് പോവാം" , അതിനും ഒരു മറുപടിയും വന്നില്ല, ഒരു താല്പര്യവും ഇല്ലാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രാധാമണിയോട് മൈത്രേയൻ പറഞ്ഞു "പത്തിൽ എട്ടു പേർക്കും കുട്ടികൾ ഉണ്ടാവുന്നില്ല, നമ്മൾ ആ എട്ടുപേരിൽ പെട്ടു പോയി , ഭൂരിപക്ഷം നമുക്കല്ലേ " ഒരു തമാശ പറഞ്ഞു രംഗം ഒന്ന് തണുപ്പിക്കാൻ മൈത്രേയൻ ശ്രമിച്ചു.  പക്ഷെ തന്റെ തമാശ അസ്ഥാനത്തായി   എന്ന്  മനസിലായി.  "നമുക്ക് രണ്ടു പേർക്കും കുഴപ്പം ഒന്നും ഇല്ല" എന്ന്  ഒരിക്കൽ കൂടി പറഞ്ഞു. കലങ്ങിയ കണ്ണുകളുമായി രാധാമണി തല ഉയർത്തി .

"കുഴപ്പം ഉണ്ടായിരുന്നെകിൽ ചികിത്സ തേടാമായിരുന്നു , ഇതിപ്പോൾ ഒരു പ്രധീക്ഷയും ഇല്ലാതെ ?  കൊല്ലം പതിനാലായില്ലേ ?"

രാധാമണിയുടെ കണ്ണുകളെ നേരിടാൻ ആവാതെ മൈത്രേയൻ മുഖം തിരിച്ചു , അത് വഴി കടന്നു പോയ വെയിറ്ററോട് ബില്ല് കൊണ്ട് വരാൻ ആവശ്യപ്പെട്ടു.  

ഹോട്ടലിൽ നിന്നും പുറത്തു ഇറങ്ങി കാറിനു അടുത്തേക്ക് നടന്ന്  എത്തുന്നത് വരെ രണ്ടു പേരും ഒന്നും മിണ്ടിയില്ല.  കാറിന്റെ താക്കോലും ബാഗും രാധാമണിക്കു കൊടുത്തു കൊണ്ട് മൈത്രേയൻ പറഞ്ഞു 


"നീ കാറുമായി പൊയ്ക്കോളൂ , എനിക്ക് അടുത്ത കൃഷിക്കുള്ള വിത്തുകൾ ഓർഡർ ചെയ്തത് എടുക്കാൻ ഉണ്ട് , ഞാൻ ഒരു ഓട്ടോ പിടിച്ചു വന്നോളാം". രാധാമണി ഒന്നും മിണ്ടാതെ താക്കോലും ബാഗും എടുത്തു , ബാഗ് പുറകിലത്തെ സീറ്റിൽ വച്ച് കാറിൽ കയറി ഓടിച്ചു പോയി .  കാർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ആണ് ഹോസ്പിറ്റലിൽ നിന്നും തന്ന റിപോർട്ടുകൾ തന്റെ കയ്യിൽ ആണ് എന്ന് മൈത്രേയൻ ഓർത്തത് , നിർവികാരതയോടെ മൈത്രയൻ അതുമായി വിത്തുകൾ വിൽക്കുന്ന കടയിലേക്ക് നടന്നു .  ഒരു കിലോമീറ്റർ ഉണ്ട് എന്നാലും നടന്നു പോവാൻ തീരുമാനിച്ചു.

ബ്ലൂടൂത്ത് ഹെഡ്‍ഫോൺ ചെവിയിൽ വച്ചു , വാച്ചിലെ പേർസണൽ അസ്സിസ്റ്റിൽ റിമൈൻഡറുകൾ വായിക്കാൻ പറഞ്ഞു, അടുത്ത പത്തു ദിവസത്തെ റിമൈൻഡറുകൾ ഒന്നിന് പുറകെ ഒന്നായി വായിച്ചു തുടങ്ങി , അതിൽ രണ്ടെണ്ണം ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് ആയിരുന്നു.  അല്പം കഴിഞ്ഞപ്പോൾ  പേർസണൽ അസിസ്റ്റന്റ് മൈത്രേയന്റെ ആരോഗ്യം വിവരങ്ങൾ കൊടുക്കാൻ തുടങ്ങി , ഇൻസുലിൻ എടുക്കാൻ മറന്നത് ഓർമിപ്പിച്ചപ്പോൾ മൈത്രേയൻ ഫോണിൽ അമർത്തി നോട്ടിഫിക്കേഷൻ ഓഫാക്കി. 

നടത്തത്തിനു ഇടയിൽ പല പല ചിന്തകൾ അയാളുടെ ഉള്ളിൽ വന്നു.  രാധാമണി എത്ര മാറി പോയിരിക്കുന്നു , പണ്ടൊക്കെ ചിരിച്ചല്ലാതെ അവളെ കണ്ടിട്ടില്ല, വിവാഹം കഴിഞ്ഞു അഞ്ചു വർഷം കഴിഞ്ഞും കുട്ടികൾ ഉണ്ടാകാത്തപ്പോൾ അവളാണ് തന്നെ സമാധാനിപ്പിച്ചത് , സിനിമ ഡയലോഗ് പറയുന്നത് പോലെ "എനിക്ക് നീയും നിനക്ക് ഞാനും ഇല്ലേ , പിന്നെ എന്താ " എന്ന് പറയുമായിരുന്നു , അപ്പോൾ "നീ സീരിയൽ കാണുന്നത് കുറച്ചില്ല എങ്കിൽ ഞാൻ ടി വി തല്ലിപൊട്ടിക്കും " എന്ന് പറഞ്ഞു ചിരിക്കുമായിരുന്നു , പക്ഷെ വര്ഷമാണ് കഴിഞ്ഞതോടെ ആ വിഷമം പൊട്ടി ഒലിച്ചു പുറത്തു വന്നു തുടങ്ങി, ചിരി ഏതാണ്ട് പൂർണമായും മറഞ്ഞു , മിണ്ടാട്ടം കുറഞ്ഞു ചോദിച്ചാൽ മാത്രം ഉത്തരം തരും .  രാത്രിയിലെ ഒരുമിച്ചുള്ള കിടപ്പു പോലും ഒരു ചടങ്ങു നിർവഹിക്കുന്നത് പോലെ ആയി .


 ഓർമ്മകൾ പിന്നെയും തികട്ടി വന്നു  എട്ടു വർഷം മുൻപാണ്  കമ്പ്യൂട്ടർ ജോലി ഉപേക്ഷിച്ചു  കൃഷിയിലേക്കു മാറിയത് , അന്ന് എല്ലാവരും എതിർത്തപ്പോഴും രാധാമണി കൂടെ നിന്നതു , ശാസ്ത്രീയമായ കൃഷിയിലൂടെ ലാഭം ഉണ്ടാക്കി എല്ലാവരെയും അത്ഭുത പെടുത്തിയത് .  ലോകത്തിൽ നിന്നും കിട്ടാവുന്ന എല്ലാ അറിവുകളും ശേഖരിച്ചായിരുന്നു താൻ കൃഷി തുടങ്ങിയത് , മുന്തിയ ഇനം വിത്തുകൾ , രാസ വളങ്ങൾ, കീട നാശിനികൾ, കൃഷി രീതികൾ എല്ലാം .  ഒരിക്കൽ പോലും പോലും ജൈവ കൃഷിയെ കുറിച്ച് ചിന്തിച്ചിട്ടില്ല , അത് ചോദിച്ചവരോട് 

"ഇതൊരു ബിസിനസ് ആണ് , ഇതിൽ നിന്നും ലാഭം ഉണ്ടാക്കിയാൽ മാത്രമേ എനിക്ക്  നില നിൽപ് ഉള്ളു, ഈ കൃഷിയിലൂടെ ലഭിക്കുന്ന പച്ചക്കറികൾ ഒരു പാട് പേർക്ക് ഭക്ഷണവും ആണ് , ജൈവ കൃഷിയിൽ അത് നടക്കില്ല  ഓർഗാനിക്കും നടക്കില്ല "  എന്ന് പറഞ്ഞു.

വിത്ത് വിൽക്കുന്ന കടയിലെ സുഗുണൻ ഉറക്കെ  "അല്ല സാറെ ഈ സ്വപ്നം കണ്ടു എങ്ങോട്ടാ" എന്ന് ചോദിച്ചപ്പോൾ ആണ്  താൻ കടയുടെ മുന്നിൽ എത്തിയ വിവരം മൈത്രേയൻ അറിഞ്ഞത്.

"ഓ ഞാൻ എന്തോ ആലോചിച്ചു നടന്നു വന്നതാ " എന്ന് പറഞ്ഞു കൊണ്ട് കടയിലേക്ക് കയറി "എല്ലാം എടുത്തു വച്ചോ "

"വച്ചു , ഞാൻ ഒന്ന് ബില്ല് അടിച്ചോട്ടെ ,  പിന്നെ സാറെ അന്ന് സാറ് ഒരു വെള്ളരിയുടെ കാര്യം ചോദിച്ചില്ലേ , അതിന്റെ വിത്ത് അടുത്ത മാസം കിട്ടും , അത് കൂടെ വന്നാൽ നമ്മുടെ കടയിലെ  എല്ലാ വിത്തുകളും ജീനി ആയി "

പല തവണ പറഞ്ഞു കൊടുത്തിട്ടുടെങ്കിലും  മൈത്രേയൻ പറഞ്ഞു "എഡോ ജീനി അല്ല ജനിറ്റിക്കലി മോഡിഫൈഡ് ജീൻ , അത് ഒരു ടെക്നോളജി ആണ് , നല്ല ഇനം വിത്തുകൾ ഉണ്ടാക്കാൻ "

"അത് എന്തായാലും സാറ് അത്  പരിചയപ്പെടുത്തിയത് മുതൽ ആണ് ഞാൻ പച്ച പിടിച്ചത് , അതിനു മുൻപ് ആളുകൾ വിത്ത് കൊണ്ടുപോയി നടും  വിളവെടുക്കും, അതിന്റെ വിത്തെടുത്തു വീണ്ടും നടും , പക്ഷെ ജീനി വന്നതോടെ നല്ല വിളവ് കിട്ടും പക്ഷെ അതിൽ വിത്തുണ്ടാവില്ല , അതിനു ഇവിടെ വരണം , എന്നാൽ അല്ലെ നമുക്ക് ലാഭം ഉള്ളു " ഇത്രയും പറഞ്ഞു സുഗുണൻ വെളുക്കെ ചിരിച്ചു .

സുഗുണൻ പറഞ്ഞത് കേട്ടപ്പോൾ അറിയാവുന്ന കാര്യങ്ങൾ ആണെങ്കിലും ഒരു നിമിഷം മൈത്രേയന്  തൊണ്ടയിൽ എന്തോ തടഞ്ഞതായി തോന്നി , ശക്തിയായി ചുമച്ചു , പിന്നെ കണ്ണിൽ നിന്നും വെള്ളം വന്നു. കയ്യിലെ തൂവാല കൊണ്ട് മുഖം തുടച്ചു മൈത്രേയൻ പിറു പിറുത്തു 

"വിത്തുകൾ തന്നെ ആണ് സുഗുണാ പ്രശ്നം "

ഒന്നും മനസിലാവാതെ സുഗുണൻ മേശപ്പുറത്തു ഇരുന്ന കുപ്പി വെള്ളം മൈത്രേയന് കൈ മാറി.   സുഗുണൻ കൊടുത്ത വെള്ളം അല്പം കുടിച്ചു ബാക്കി കൊണ്ട് മുഖം കഴുകി .  കസേരയിൽ വിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ പണിക്കാരൻ  വിത്ത് കെട്ടുകൾ  ഓട്ടോയിൽ കയറ്റുന്നത് കണ്ടു.  ബില്ല് കൊടുത്തു മൈത്രേയൻ  ഓട്ടോക്ക് അരികിലേക്ക് നടന്നു .

ഓട്ടോയിൽ നിന്നും മൈത്രേയൻ അൽപ നേരം വിത്തു കടയിലേക്ക് നോക്കി ഇരുന്നു പിന്നെ  കയ്യിലെ ഹോസ്പിറ്റൽ  റിപ്പോർട്ട് പല തുണ്ടുകൾ ആക്കി റോഡിലേക്ക് എറിഞ്ഞു. വാച്ചിലെ പേർസണൽ അസ്സിസ്റ്റിനോട് ഡോക്ടറുടെ അപ്പോയ്ന്റ്മെന്റുകൾ എല്ലാം നീക്കാൻ നിർദേശിച്ചു.  ഓട്ടോ റിക്ഷ നീങ്ങിയപ്പോൾ റോഡ് അരികുകളിൽ വച്ചിരിക്കുന്ന അനവധി വന്ധ്യതാ പരിഹാര ബോർഡുകൾ മൈത്രേയൻ കണ്ടു , നിറഞ്ഞ ഒരുതരം കുറ്റബോധത്തോടെ മുഖം കുനിച്ചു കയ്യിലെ വാച്ചൂരി റോഡിനു അരികിലെ ഓടയിലേക്കു എറിഞ്ഞു.   




















 
















 

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ