Skip to main content

കങ്കയത്തെ വീഞ്ഞ് കുപ്പികൾ



ഇരുപത്തി ഒന്ന് വർഷം മുൻപത്തെ  എം സി എ കാലം, പതിവ് ജീവിത രീതിയിൽ മാറ്റം ഇല്ലാതെ തുടരുന്നു .  രാവിലെ എഴുന്നേൽക്കുക അക്ക മെസ്സിൽ നിന്നും ഇഡലിയോ , ദോശയോ , പൊടി പുട്ടോ കഴിക്കുക കോളേജിൽ പോവുക വെറുതെ ഇരിക്കുക (നാലാമത്തെ സെമസ്റ്റർ ആയപ്പോൾ മുതൽ പഠിപ്പിക്കൽ അവസാനിപ്പിച്ചിരുന്നു ).  ഉച്ച വരെയേ ക്ലാസ് ഉള്ളു അത് കൊണ്ട് തിരിച്ചു വരിക അൻപ് ദേവിയിൽ (കങ്കയത്തെ ഒരു ഹോട്ടൽ) നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ വന്നു കിടന്നുറങ്ങി വൈകീട്ട് എഴുന്നേൽക്കുക ചായ കുടിക്കുക , രാത്രി വീണ്ടും അൻപ് ദേവിയിൽ നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ പുലർച്ച വരെ കത്തി വച്ച് ഇരിക്കുക ഉറങ്ങുക .

ചില ദിവസങ്ങളിൽ ചീട്ടു കളി ഉണ്ടാവും , എനിക്ക് അത് അറിയാത്തതു കൊണ്ട് ആരുടെയെങ്കിലും പുറകിൽ ഇരുന്നു അയാളുടെ ചീട്ടിൽ നോക്കി കൊണ്ട് സംശയം ചോദിച്ചിരിക്കും .  മിക്കവാറും ശാലുവിന്റെ ആയിരിക്കും .

“ഈ പൂക്കൾ പോലെ ഉള്ളത് ക്ലാവർ ആണോ , കിംഗ് ആണോ ക്വീൻ ആണോ വലുത് , ഈ ജോക്കറുകൾക്കു വേറെ വേറെ ചിഹ്നം ഉണ്ടോ “

തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾ ആണ് മിക്കപ്പോഴും , എത്ര തവണ ചോദിച്ചാലും ഷാലു ക്ഷമയോടെ “എടാ മോനെ അത് ക്ലാവർ ആണ്, ഇത് സ്പേഡ് ആണ് , ക്വീൻ ആണ് ഇതിൽ വലുത് , ഓരോ കളിക്ക് ഓരോ നിയമങ്ങൾ ആണ്”  എന്ന്  ഓരോ തവണയും പറഞ്ഞു തരും .

മിക്കവാറും ശാലുവും , ജെറിനും , വിഷ്ണുവും , മനോജു ആയിരിക്കും ശീട്ട് കളിക്കുക . ഇടക്ക് ബോബിയും ജിന്നിയും വരും . വലിയ ടൂർണമെന്റ് ആണെങ്കിൽ സ്റ്റാൻലി , അജയ് , റിന്റോ, വിനോദ് , ജോബിൻസ് , ബിജു ഒക്കെ പല സ്ഥലങ്ങളിൽ നിന്നും വരും.  ജീവിതം ഇങ്ങനെ സ്ഥിരം നേർ രേഖയിൽ പോവാൻ തുടങ്ങിയപ്പോൾ  ബോറടിച്ചു തുടങ്ങിയിരുന്നു , ശീട്ട് കളിയും മറ്റുള്ളവർക്ക് മടുത്തു തുടങ്ങിയിരുന്നു.  അപ്പോഴാണ് ഒരു ദിവസം ജെറിൻ ചോദിച്ചത് .

“നമുക്ക് വൈൻ ഉണ്ടാക്കിയാലോ ”,  കേട്ടപ്പോൾ എനിക്ക് നല്ല ഐഡിയ ആയി തോന്നി,  “പക്ഷെ എന്ത് വച്ച് ഉണ്ടാക്കും ?” എന്റെ അറിവിൽ മുന്തിരി വച്ചാണ് വൈൻ ഉണ്ടാക്കുക, അത് കാശു കൊടുത്തു വാങ്ങിയാൽ മുതലാവില്ല, പിന്നെ എന്ത് വച്ച് ചെയ്യും ?

“ബീറ്റ്റൂട്ട് വച്ച് ചെയ്യാം , ഇവിടെ ഒരു കിലോ ഒരു 10 രൂപയ്ക്കു കിട്ടും , പിന്നെ കുറച്ചു പഞ്ചസാര, യീസ്റ്റ്, ചെറു നാരങ്ങാ പിന്നെ കുറച്ചു ഗോതമ്പു ഇത്രയും മതി , ഒരു കിലോ ബീറ്റ്‌റൂട്ടിന് നാല് ലിറ്റർ വൈൻ കിട്ടും “

ഇത്രയും പറഞ്ഞു ജെറിൻ കൈ രണ്ടും തലയ്ക്കു പുറകിൽ കെട്ടി , ചുമരു ചാരി ഇരുന്നു .  ഏതാണ്ട് ടൈം ട്രാവൽ മെഷീൻ ഉണ്ടാക്കാൻ ഉള്ള ഫോർമുല തന്ന പോലെ .  ഞാനും വിഷ്ണുവും തമ്മിൽ നോക്കി , “I am born ready” എന്ന രീതി  ആയിരുന്നു വിഷ്ണുവിന്റെ,  അടുത്തതായി ശാലുവിനെ നോക്കി ,

“നിനക്കൊക്കെ എന്തിന്റെ അസുഖമാടാ ?” എന്ന് ചോദിച്ചു ശാലു ഞങ്ങളുടെ വീര്യം കെടുത്തി കളഞ്ഞു .

പക്ഷെ ഈ ചിന്ത ഞാനും വിഷ്ണുവും ജെറിനും മനസിൽ നിന്നും വിട്ടില്ല , ഞങ്ങൾ ആവശ്യമായ സാധനങ്ങൾ സങ്കടിപ്പിക്കാൻ തുടങ്ങി , ബീറ്റ്‌റൂട്ടും നാരങ്ങയും അവസാനം വാങ്ങാം എന്ന് തീരുമാനിച്ചു.

“ഉണ്ടാക്കുമ്പോൾ കുറെ ഉണ്ടാക്കാം അല്ലെങ്കിൽ പിന്നെ മിനക്കേടാണ് ” വിഷ്ണുവിന്റെ ഈ അഭിപ്രായത്തോട് ഞങ്ങൾ രണ്ടു പേരും യോജിച്ചു.  പിന്നെ ജോലികൾ എഴുതി ഉണ്ടാക്കി ഭാഗിച്ചു നൽകാൻ തുടങ്ങി , അപ്പോഴാണ് ഏറ്റവും വലിയ പ്രശ്നം വന്നത് , ഇത് എന്തിൽ ഇട്ടു വെക്കും , ഇരുപത്തി ഒന്ന് ദിവസം വേണം പാകം ആവാൻ .

“നമുക്ക് വൈൻ ഷോപ്പിൽ പോയി കാലി കുപ്പി വാങ്ങിച്ചാലോ ?” (തമിഴ് നാട്ടിൽ നമ്മുടെ ബീവറേജ് പോലെ ഉള്ള സ്ഥലത്തിന്  വൈൻ ഷോപ് എന്നാണ് പറയുന്നത് , മിക്ക കടകൾക്കും പുറകിൽ ആളുകൾക്ക് ഇരുന്നു കുടിക്കാൻ ഒരു ഓല പുരയും ഉണ്ടാവും , അവിടെ ഒരു ചെറിയ ഹോട്ടലും കാണും , ബാർ പോലെ അല്ല ഇത് ഒരു  തരം നിയമ വിരുദ്ധ സംവിധാനം )

“ശരിയാ അവിടെ ഇഷ്ടം പോലെ കുപ്പി കിട്ടും , നമുക്ക് എത്ര എണ്ണം വേണ്ടി വരും ?” ഞാൻ ചോദിച്ചു

“ഒരു മുപ്പതു എണ്ണം” വിഷ്ണു പറഞ്ഞു, ഒരു നിമിഷം ഞാൻ വായ പൊളിച്ചു ഇരുന്നു , “നിങ്ങൾ സീരിയസ് ആണോ ”

“പിന്നല്ലാതെ ” രണ്ടും ഒരുമിച്ചു പറഞ്ഞു.  ഐഡിയ ജെറിന്റെയും വൈൻ ഉണ്ടാക്കുന്നതിനു പ്രധാന കാര്യങ്ങൾ ചെയ്യുന്നത് വിഷ്ണുവും ആയതു കൊണ്ട്   കുപ്പി വാങ്ങിക്കുക എന്നത് എന്റെ ഡ്യൂട്ടി ആയി.  വൈകുന്നേരം ഒരു എട്ടു മണി കഴിഞ്ഞപ്പോൾ പി സി ബി യിൽ (കങ്കയത്തെ ഒരു ബേക്കറി ) നിന്നും സഘടിപ്പിച്ച രണ്ടു പഞ്ചസാര ചാക്കും ആയി ഞാൻ ഇറങ്ങി , “ഈശ്വര പരിചയക്കാർ ആരും ഉണ്ടാവല്ലേ”  എന്ന് പ്രാർത്ഥിച്ചു കൊണ്ട്.  എന്റെ ഭാഗ്യത്തിന്  കടയിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല.

“അണ്ണാ കൊഞ്ചം കുപ്പി വേണം ” അറിയാവുന്ന തമിഴിൽ ഞാൻ പറഞ്ഞു

വടക്കു നോക്കി യന്ത്രത്തിൽ ബാർ അറ്റൻഡർ ദിനേശനെ നോക്കിയ പോലെ എന്നെ നോക്കി കൗണ്ടറിൽ ഇരിക്കുന്ന ആൾ ചോദിച്ചു “എന്ന ബ്രാൻഡ് വേണം തമ്പി ?”

“അണ്ണാ എനക്ക് കാലി കുപ്പി വേണം , empty bottles “ ഒരു വിധം ഞാൻ പറഞ്ഞു ഒപ്പിച്ചു .

“യവള് വേണം ”?

“ഒരു മുപ്പതു ”, ഇത്രയും പറഞ്ഞപ്പോൾ പുള്ളി , നോട്ടെണ്ണൽ നിർത്തി എന്നെ നോക്കി , അപ്പോഴാണ് എന്റെ കയ്യിൽ ഉള്ള ചാക്കുകൾ കണ്ടത്

“എന്ന തമ്പി , പഠിക്കരുതുക്ക് സൈഡ് ബിസിനസ് പണ്ണിറിയാ , നല്ലതു , ആനാ നാളെ കാലയിലെ വാ നാൻ ഏർപ്പാട് പണ്ണരെ “

ഈശ്വര ഞാൻ സൈഡ് ബിസിനസ് ആയി ആക്രി കച്ചോടം തുടങ്ങി എന്ന് തോന്നി ആണോ , അയ്യോ അണ്ണാ ഇത് അതല്ല

“അണ്ണാ ഒരു സയൻസ് പ്രൊജക്റ്റ് ചെയ്യാൻ ആണ് ”, പുള്ളിക്കെന്തോ മനസ്സലിവ് തോന്നി കാണണം, അകത്തേക്ക് നോക്കി മുപ്പതു കുപ്പി കൊണ്ടുവരാൻ വിളിച്ചു തോന്നി .  ഞാൻ പതുക്കെ കുപ്പികൾ എല്ലാം ചാക്കിൽ നിറച്ചു , “യവള് ആച് അണ്ണാ ”, “അൻപതു രൂപ കൊട് തമ്പി ” നൂറു രൂപ കൊടുത്തു ബാക്കി വാങ്ങിച്ചു, ചാക്ക് എടുത്തു തിരിഞ്ഞതും മുന്നിൽ പാമ്പ് .

ഞങ്ങൾ രാവിലെ ഭക്ഷണം കഴിക്കുന്ന അക്കാ മെസ്സിലെ അക്കയുടെ ഭർത്താവാണ് പാമ്പ് , ശരിക്കുള്ള പേര് ഞങ്ങൾക്കും അറിയില്ല, മുഴുവൻ സമയവും കൂടിയാണ് , പേരിനു അവിടെ ഉള്ള ഒരു ബാങ്കിൽ പ്യൂൺ ജോലി ഉണ്ട്.  രാവിലെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോവുമ്പോൾ , അവിടെ ബോധം കേട്ട് ഉറങ്ങുന്നത് കാണാറുണ്ട് രാത്രി പലപ്പോഴും റോഡിൽ കിടക്കുന്നതും.   രണ്ടു കയ്യിലും ചാക്ക് നിറയെ കുപ്പിയും ആയി നിൽക്കുന്ന എന്നെ കണ്ട പാമ്പു ചോദിച്ചു

“എന്ന തമ്പി ഇന്ത മാതിരി കെട്ട പഴക്കം ഇറുക്ക , വിട്ടിട് നല്ല അല്ല , ഉങ്ക അപ്പ അമ്മവേ പറ്റി നെന്ചിയ “

“എടൊ കള്ള പാമ്പേ ഞാൻ തന്നെ പോലെ കുടിച്ച കുപ്പി വിൽക്കാൻ വന്നതല്ല , തെണ്ടി എന്നെ ഉപദേശിക്കുന്നോ “ എന്ന് എല്ലാം മനസ്സിൽ തോന്നി എങ്കിലും വളരെ സൗമ്യം ആയി, “അണ്ണാ ഇത് ഒരു സയൻസ് പ്രോഗ്രമ്മുക്കു ”. എന്നും പറഞ്ഞു എങ്ങനെയൊക്കെയോ അവിടെ നിന്നും രക്ഷപെട്ടു  (മൂന്നു വര്ഷം മുൻപ് ഒരിക്കൽ കങ്കയത്തു പോയപ്പോൾ അറിഞ്ഞത് , ഒരു പത്തു വര്ഷം മുൻപ് രാത്രി   കുടിച്ചു ഉറങ്ങിയ  പാമ്പു പിന്നെ ഉണർന്നില്ല എന്നും , അക്ക അതിനു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി എന്നും)

പിറ്റേന്ന് ഒരു ശനിയാഴ്ച ആയിരുന്നു ഞങ്ങൾ രാവിലെ തന്നെ അഞ്ചു കിലോ ബീറ്ററൂട്ടും നാരങ്ങയും വാങ്ങി , ബാക്കി സാധങ്ങൾ നേരത്തെ വാങ്ങി വച്ചിരുന്നു.

ബീറ്റ്റൂട്ട് തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി വലിയ ഒരു പാത്രത്തിൽ ഇട്ടു , പിന്നെ പാത്രം നിറയെ വെള്ളം നിറച്ചു തിളപ്പിക്കാൻ വച്ചു, കുറെ നേരം തിളച്ചപ്പോൾ , സ്റ്റോവ് അണച്ചു , വെള്ളം ചൂട് കുറയാൻ  വച്ചു , തണിഞ്ഞപ്പോൾ ഒരു തോർത്ത് ഉപയോഗിച്ച് വെള്ളം അരിച്ചെടുത്തു.  അതിലേക്കു മൂന്ന് കിലോ പഞ്ചസാര ഇട്ടു ഇളക്കി , ഒരു ഗ്ലാസിൽ ചെറു നാരങ്ങാ നീർ എടുത്തു വച്ചിരുന്നു അതിലേക്കു യീസ്റ്റ് ഇട്ടു വച്ചു , കുറച്ചു കഴിഞ്ഞപ്പോൾ അത് പൊങ്ങി വന്നു അത് തണിഞ്ഞ വെള്ളത്തിൽ ഒഴിച്ച് ഇളക്കി , ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അതിലേക്കു രണ്ടു പിടി ഗോതമ്പും ചേർത്ത് (പൊടിക്കാത്തതു ).

ഒരു മണിക്കൂർ കഴിഞ്ഞു ഒരു നാളം ഉപയോഗിച്ച് ഞങ്ങൾ കുപ്പികൾ നിറച്ചു തുടങ്ങി , മൊത്തം ഇരുപത്തി ഒന്ന് കുപ്പി.  വായ മുറുക്കി അടച്ചു ഞങ്ങൾ കുപ്പികൾ വിഷ്ണുവിന്റെ മുറിയിലെ സ്റ്റാൻഡിന്റെ മുകളിൽ വച്ചു.  ഇനി ഇരുപത്തി ഒന്ന് ദിവസം കാത്തിരിക്കണം.  ദിവസങ്ങൾ കടന്നു പോയി, ഏഴാം ദിവസം രാവിലെ വിഷ്ണു വാതിലിൽ വന്നു കൊട്ടിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് , വാതിൽ തുറന്ന ഞാൻ അവനെ കണ്ടു ഞെട്ടി, ശരീരം മുഴുവൻ ചോര ഒലിപ്പിച്ചു  നിൽക്കുന്നു “അയ്യോ ” എന് എന്റെ തൊണ്ടയിൽ നിന്നും ഒരു നിലവിളി പുറത്തു വന്നു.

“നീ കിടന്നു കൂവണ്ട , ഇത് ചോര അല്ല വൈൻ ആണ് “

ഒരു നിമിഷം ഞാൻ ഓർത്തു, ഇവൻ  ഇനി കുളിക്കാൻ താഴെ പോയി വെള്ളം എടുക്കാൻ മടി കാരണം വൈൻ എടുത്തു കുളിച്ചോ, അതോ വൈൻ തലയിൽ തേച്ചാൽ മുടി കൊഴിച്ചിൽ കുറയും എന്ന് ആരെങ്കിലും പറഞ്ഞു കേട്ട് ചെയ്തതാണോ  ?

“വൈൻ കുപ്പിയിൽ ഒഴിച്ച് വച്ചാൽ മൂടി ഇടാൻ പാടില്ല, അതിൽ ഗ്യാസ് നിറഞ്ഞു പൊട്ടിത്തെറിക്കും”. പതഞ്ഞു വന്ന ദേഷ്യം കടിച്ചു പിടിച്ചു വിഷ്ണു പറഞ്ഞു , എന്തെങ്കിലും ചോദിച്ചാൽ അവൻ തല്ലുമോ എന്ന് പോലും എനിക്ക് തോന്നി , അവന്റെ മുറി കണ്ടപ്പോൾ അവന്റെ ദേഷ്യം വളരെ സ്വാഭാവികം ആണെന്ന് മനസിലായി , കട്ടിലിനു മുകളിൽ ആയിട്ടാണ് സ്റ്റാൻഡ് ഇരിക്കുന്നത് അതിൽ വച്ച മൂന്നു കുപ്പിയുടെ അടപ്പു പൊട്ടി കുപ്പി ചരിഞ്ഞു വീണു , വൈൻ ഒഴുകി അവന്റെ കട്ടിലിൽ മുഴുവൻ പരന്നു , ഉറക്കം ആയിരുന്നത് കൊണ്ട് അവൻ അറിഞ്ഞില്ല , രാവിലെ എഴുന്നേറ്റപ്പോൾ ആണ് കണ്ടത് .

“ഓപ്പറേഷൻ ഹെഡ്, മിസ്റ്റർ ജെറിൻ ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ ” സംഗതിയുടെ ഗൗരവം അല്പം കുറക്കാൻ ഞാൻ ചോദിച്ചു , “അവൻ ഇത് എവിടെയോ വായിച്ചതാ, അല്ലാതെ ഉണ്ടാക്കി നോക്കിയിട്ടില്ല എന്ന് തോനുന്നു “

ഞങ്ങളുടെ സംസാരം കേട്ട് ശാലു മുറിയിൽ നിന്നും ഇറങ്ങി വന്നു , വൈനിൽ കുളിച്ചു നിൽക്കുന്ന വിഷ്ണുവിനെയും, ചിരിച്ചു കൊണ്ട് നിൽക്കുന്ന എന്നെയും കണ്ടു ചോദിച്ചു “എടാ നിങ്ങൾക്ക് രണ്ടിനും ശരിക്കും വട്ടുണ്ടോ ?”

“ഇല്ല ” ഞങ്ങൾ ഒരുമിച്ചു പറഞ്ഞു , ശാലുവിന് ചിരി അടക്കാൻ പറ്റിയില്ല , അപ്പോഴാണ് ജെറിൻ അങ്ങോട്ട് വന്നത് , രംഗം കണ്ട അവന്റെ ആദ്യ ചോദ്യം

“എന്നെ കൂട്ടാതെ നിങ്ങൾ ഇത് എടുത്തു കുടിച്ചോ ?”  ശാലുവാണ്  അതിനു മറുപടി പറഞ്ഞത് “ഇല്ലെടാ അവരതെടുത്തു കുളിച്ചു , ഒരു ചേഞ്ച് അല്ലെ “ പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി

പിന്നെ ഞങ്ങൾ മൂന്നു പേരും കൂടി വിഷ്ണുവിന്റെ മുറി വൃത്തിയാക്കി , കുപ്പികളുടെ മൂടി അല്പം ലൂസ് ആക്കി വച്ചു.  ഇരുപത്തി ഒന്ന് ദിവസത്തിനായി ഞങ്ങൾ കാത്തിരിപ്പ് തുടങ്ങി .  അത് പെട്ടെന്ന് കഴിഞ്ഞു സത്യത്തിൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ ഈ കാര്യം മറന്നു പോയിരുന്നു.  വിഷ്ണു ആണ് ദിവസങ്ങൾ കഴിഞ്ഞ കാര്യം ഓർമിപ്പിച്ചത്.  ഞങ്ങൾ ഒരു ശനിയാഴ്ച വൈൻ കുടിച്ചു നോക്കാൻ തീരുമാനിച്ചു.  ഞാൻ വിഷ്ണു ജെറിൻ പിന്നെ ശാലുവും, ജെറിന്റെ മുറിയിൽ വൈൻ എടുത്തു നാല് ഗ്ലാസ് എടുത്തു വച്ചു.  പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു , ഒരു നിമിഷം ഞങ്ങൾ ഒന്ന് പകച്ചു “ആരാ ഇപ്പൊ ”, ഞങ്ങൾ കുപ്പി എടുത്തു ഒളിപ്പിച്ചു വച്ചു.  പതുക്കെ വാതിൽ തുറന്നു, പതിവ് പോലെ ജിന്നി ചിരിച്ചു കൊണ്ട് നിൽക്കുന്നു,

“എന്നാ ഒണ്ടെടാ” എന്നും ചോദിച്ചു റൂമിൽ കയറി “എന്താ ഒരു ഒളിച്ചു കളി ” ഞങ്ങൾ ചിരിച്ചു കൊണ്ട് പറഞ്ഞു “നീ എങ്ങനെ ഇതൊക്കെ അറിഞ്ഞു വരുന്നു ”,

“എന്ത് ”. ജിന്നി അത്ഭുദത്തോടെ നോക്കി

ഞങ്ങൾ കുപ്പി പുറത്തു എടുത്തു അഞ്ചു ഗ്ലാസിൽ ഒഴിച്ച് അവനും കൊടുത്തു , എല്ലാരും കുടിച്ചു , പിന്നെ പരസ്പരം നോക്കി ചിരിച്ചു .  “നല്ല മധുരം ഉള്ള ജ്യൂസ് ” അതായിരുന്നു ആ വൈൻ .  ഞങ്ങൾ വൈൻ ഉണ്ടാക്കിയ വിവരം ആരോടും പറഞ്ഞിരുന്നില്ല , പക്ഷെ എങ്ങനെയോ അത് കോളേജിൽ അറിഞ്ഞു, പരസ്യമായി ആരും ചോദിച്ചില്ല എങ്കിലും രഹസ്യമായി പലരും ചോദിച്ചു , ചോദിച്ചവർക്കു ഒരു മടിയും കൂടാതെ ഞങ്ങൾ ഓരോ കുപ്പി കൊടുത്തു .  ഞങ്ങൾ മാത്രം ജ്യൂസ് കുടിച്ചാൽ പോരല്ലോ അവരും കുടിക്കട്ടെ എന്ന് കരുതി, എല്ലാറ്റിനും ഷുഗർ വരട്ടെ

ഒടുവിൽ നാലു കുപ്പി അവശേഷിച്ചു, ഒരു ദിവസം വൈകീട്ട് ഞങ്ങൾ നാല് പേരും ഒരുമിച്ചിരുന്നു പച്ചവെള്ളം കുടിക്കുന്നത് പോലെ അത് കുടിച്ചു തീർത്തു , അന്നാണ് ഞങ്ങൾക്ക് ഒരു കാര്യം മനസിലായത് മത്തു പിടിപ്പിക്കുന്ന മധുരം കഴിച്ചാൽ തല പൊങ്ങില്ല എന്ന് , അന്ന് ഇഴഞ്ഞു പോയി കിടന്ന ഞങ്ങൾ പിറ്റേന്ന് വൈകീട്ടാണ് എഴുന്നേറ്റത് .

ഇപ്പോഴും ഞങ്ങൾക്ക് മനസിലാവാത്ത കാര്യം ജിന്നി എങ്ങനെ അവിടെ എത്തി എന്നാണ് .































































Comments

  1. ആ റെസിപ്പി കൂടെ തന്നിരുന്നേൽ ഉപകാരം ആയിരുന്നു!! ;)
    ഒരു കോളേജ് കഥ എഴുതാൻ മോട്ടിവേഷൻ തപ്പി എറങ്ങീതാ .. അപ്പോഴാ ഭായീടെ ബ്ലോഗ് ഓർമ്മ വന്നത് ..

    കിട്ടി ... മോട്ടിവേഷൻ കിട്ടി !!

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ