Skip to main content

ഷൊർണുരിലെ കവാടം




ഏതാണ്ട് ഇരുപത്തി അഞ്ചു കൊല്ലം മുൻപ് ബ്രെണ്ണൻ  കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ആദ്യമായി എൽദോസിനെ പരിചയപ്പെടുന്നത്.  ബി എ എക്കണോമിക്സ്  ആയിരുന്നു അവന്റെ മെയിൻ  , ഞാൻ ഫിസിക്സ്  .  അന്ന് അറിഞ്ഞോ അറിയാതെയോ ബ്രെണ്ണൻ രണ്ടായി വിഭജിക്ക പെട്ടിരുന്നു സയൻസ് ഗ്രൂപ്പ് ആർട്സ് ഗ്രൂപ്പ് എന്നിങ്ങനെ , ഈ രണ്ടു വിഭാഗത്തിനും കെട്ടിടങ്ങൾ ഓഫീസുകൾ എല്ലാം വേറെ വേറെ ആയിരുന്നു ഫ്രീ പീരീഡ് ഇരുന്നു സംസാരിച്ചിരുന്ന സ്ഥലങ്ങൾ പോലും.  തമ്മിൽ പ്രതെയ്കിച്ചു  ദേഷ്യമോ പ്രശ്നമോ ഒന്നും ഇല്ലെങ്കിലും ഇവർ തമ്മിൽ അധികം മിണ്ടിയിരുന്നില്ല.  ഇവരെ രണ്ടു പേരെയും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് രാഷ്ട്രീയ കാർ ആയിരുന്നു.  സാധാരണ  സയൻസ് ഗ്രൂപ് കാരിൽ നിന്നും വ്യത്യസ്ത മായി ഞങ്ങൾ കുറച്ചു പേർ സാഹിത്യവും സിനിമയും  ചർച്ച ചെയ്തിരുന്നു.  ഒരിക്കൽ ആനന്ദിനെ കുറിച്ച് സംസാരിച്ചു നിന്നപ്പോൾ ആണ് എൽദോസ് ഞങ്ങൾക്ക് ഇടയിലേക്ക് കയറി വന്നത്.

"മരുഭൂമികൾ ഉണ്ടാവുന്നത് വായിച്ചിട്ടുണ്ടോ, മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയ ഏറ്റവും നല്ല നോവലുകളിൽ ഒന്നല്ലേ അത് ?"

ഒരു മുഖവുരയും ഇല്ലാതെ ഉള്ള പ്രസ്താവന, ഞങ്ങൾ എൽദോസിനെ അടിമുടി നോക്കി, പട്ടേൽ ആയിരുന്നു ആദ്യം പറഞ്ഞത് "ഞാൻ വായിച്ചിട്ടുണ്ട് , കൊള്ളാം ", പിന്നെ എൽദോസ് ഞങ്ങളുടെ കൂട്ടത്തിലെ സ്ഥിര സാനിദ്യം ആയി .

കോളേജ് വിട്ടു  അഞ്ചു വർഷങ്ങൾക്ക്  ശേഷം ആകസ്മികം ആയാണ് എൽദോസിനെ കൊച്ചിയിൽ വച്ച് കാണുന്നത്, ഞാൻ ഒരു IT കമ്പനിയിലും അവൻ ഒരു ബാങ്കിലും ആയിരുന്നു.  ശനിയാഴ്ച വൈകുന്നേരങ്ങളിൽ എംജി റോഡിൽ ഉള്ള ടവേര ബാറിൽ വച്ചായിരുന്നു ഞങ്ങൾ കണ്ടു മുട്ടിയിരുന്നത് , രണ്ടു പെഗ്ഗിനു ശേഷം സിനിമ സാഹിത്യം അങ്ങനെ പല ചർച്ചകൾ , പിന്നെ ഭക്ഷണം കഴിച്ചു ഏതെങ്കിലും സിനിമയുടെ സെക്കൻഡ് ഷോ ക്കു കേറും , സിനിമ കാണുക എന്നത് കുറെ നേരം ചൂട് മാറ്റാൻ ഉള്ള ഒരു ഉപാധി ആയിരുന്നു , അന്ന് മയ്മൂണ് ലുലു തീയറ്ററുകൾ ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ടത്തെ എക്സിക്യൂട്ടീവിന് നാട്ടിൽ പോവുക ഞയർ രാത്രി ഉള്ള പൂർണ എക്സ്പ്രസ്സ് പിടിച്ചു തിരിച്ചു വരിക ഇതായിരുന്നു സ്ഥിരം പാറ്റേൺ. എൽദോസിന്റെ കുടുംബം വർഷങ്ങൾക്കു മുൻപ് പാലായിൽ നിന്നും ഇരിട്ടിയിലേക്കു കുടിയേറിയവർ ആയിരുന്നു.  കുടിയേറ്റക്കാരുടെ റബ്ബർ കൃഷിയിൽ നിന്നും മാറി ഗവണ്മെന്റ് സർവിസ് കയറിയവർ ആയിരുന്നു എൽദോസിന്റെ തലമുറ.

വിവാഹം കഴിഞ്ഞു ഭാര്യ എറണാകുളം വന്നതോടെ എല്ലാ ആഴ്ചയിലും നാട്ടിൽ പോവുന്നത് കുറഞ്ഞു , പതുക്കെ എല്ദോസുമായി ബന്ധം പൂർണമായും നിന്നും , അഞ്ചു വർഷത്തിന് ശേഷം ഒരിക്കൽ എം ജി റോഡിൽ വച്ചാണ് അവനെ കാണുന്നത് , അല്പം താടി വളർത്തി അലസമായി വസ്ത്രം ധരിച്ചു ഫുട് പത്തിലൂടെ എതിരിൽ നടന്നു വന്ന അവനെ എനിക്ക് ആദ്യം മനസിലായില്ല , വളരെ മെലിഞ്ഞു കറുത്ത് പോയിരുന്നു അവൻ , മുടി കുറെ കൊഴിഞ്ഞും പോയിരുന്നു.  ഞാൻ ഒരു സംശയത്തോടെ വിളിച്ചു "എൽദോസ് " നടത്തം പതുക്കെ നിർത്തി തല ഉയർത്തി അവൻ  എന്നെ നോക്കി.  ഒരു വിളറിയ ചിരി ആയിരുന്നു അവന്റെ പ്രതികരണം.  "നിനക്ക് ഇതെന്തു പറ്റി , കണ്ടിട്ട് മനസിലാവുന്നില്ലല്ലോ ", ഞാൻ ചോദിച്ചു   നടപ്പാതയിൽ ഒരു ഓരം ചേർന്ന് നിന്ന് എൽദോസ് പറഞ്ഞു .

"നല്ല സുഖം ഇല്ലായിരുന്നു , എപ്പോഴും ഒരു തല വേദന , പിന്നെ ഇവിടെ ഹോട്ടൽ ഭക്ഷണം അല്ലെ , നാട്ടിൽ അധികം പോവാറും ഇല്ല"

ഞാൻ അവനെ നിർബന്ധിച്ചു ഹോട്ടലിൽ കയറ്റി  , ചായയും വടയും ഓർഡർ ചെയ്തു , അവൻ ഭക്ഷണം ഒരു താല്പര്യവും ഇല്ലാതെ കഴിച്ചു കൊണ്ടിരുന്നു , എൻ്റെ ചോദ്യങ്ങൾക്കു എങ്ങും തൊടാതെ ഉള്ള മറുപടികൾ മാത്രം .  അവിടെ നിന്നും ഇറങ്ങി കുറെ നേരം കറങ്ങി തിരിഞ്ഞു ഞങ്ങൾ ഒടുവിൽ ബാറിൽ എത്തി.  രണ്ടു മൂന്ന് പെഗ് കഴിഞ്ഞപ്പോൾ എൽദോസ് സംസാരിച്ചു തുടങ്ങി

"മൂന്ന് വർഷം മുൻപ് കല്യാണം കഴിഞ്ഞു  എലീന എന്നാണ് പേര്  രണ്ടു  വർഷം ഒരുമിച്ചു ജീവിച്ചു , ഇപ്പോൾ അവൾ അവളുടെ വീട്ടിൽ ആണ് , ചെറിയ ചെറിയ വഴക്കുകളിൽ ആയിരുന്നു തുടക്കം, ബി എസ് ഇ  കഴിഞ്ഞ അവളുടെ ഭാവി ഞാൻ കളയുന്നു എന്ന് പറഞ്ഞു തുടങ്ങി പിന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്കായി , ഞാൻ നാട്ടിൽ പോവാറുണ്ടായിരുന്നില്ല, അത് അവളെ ഇവിടെ പൂട്ടി ഇടാൻ ആണ് എന്നും , ജോലി കഴിഞ്ഞു വന്നാൽ അവളെ പുറത്തു കൊണ്ടുപോവാത്തതു സംശയം കൊണ്ടാണ് എന്നും ഒക്കെ.  ഒടുവിൽ ഒരു ദിവസം അവൾ ഇറങ്ങി പോയി , ഇപ്പൊൾ ഒരു വർഷം ആയി "

എന്ത് പറയണം എന്ന് അറിയാതെ ഞാൻ ചോദിച്ചു "നീ എന്താ നാട്ടിൽ പോവാത്തതു "

ഒരു ചെറിയ വിറയലോടെ അവൻ പറഞ്ഞു "ഷൊർണുർ കടക്കേണ്ടത് കൊണ്ട് "

ഒന്നും മനസിലാവാതെ ഞാൻ ചോദിച്ചു "അതിനു "

ഭയം കൊണ്ട് ഇരുണ്ട കണ്ണുകൾ ഒന്നു കൂടെ വിടർത്തി അവൻ പറഞ്ഞു . "ഷൊർണുർ കേരളത്തെ രണ്ടായി തിരിച്ചിരിക്കുന്നത് നീ കണ്ടിട്ടില്ലേ , അതൊരു worm hole ആണ് ഒരു ലോകത്തു നിന്നും മറ്റൊരു ലോകത്തേക്ക് ഉള്ള കവാടം.  ഒരു കാലം സമയം സംസ്കാരം ജനത എല്ലാറ്റിൽ നിന്നും മറ്റൊരു കാലത്തിലേക്ക് ഒരു യാത്ര , അപ്പുറം എത്തുമ്പോൾ നിങ്ങൾ മറ്റൊരു മനുഷ്യൻ ആവുന്നു, ആ യാത്ര പൂർത്തിയാക്കാൻ പറ്റിയില്ല എങ്കിൽ നിങ്ങൾ എന്നെന്നേക്കുമായി ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടു പോവുന്നു ,  ആ യാത്ര പൂർത്തിയാക്കാൻ പറ്റിയില്ലെങ്കിൽ എന്ന എൻ്റെ ഭയം ആണ് നാട്ടിൽ പോവാൻ എന്നെ തടയുന്നതു."

കുറച്ചു നേരം അവനെ ഞാൻ തുറിച്ചു നോക്കി , എന്നിട്ടു പതുക്കെ ചോദിച്ചു "നീ ഡോക്ടറെ വല്ലതും കണ്ടോ "

ചുണ്ടിന്റെ അറ്റത്തെ ഒരു ചിരി ആയിരുന്നു അവൻ്റെ മറുപടി, കുറച്ചു കഴിഞ്ഞു അവൻ പറഞ്ഞു "ഫിസിക്സ് പഠിച്ച നിനക്ക് ഇത് മനസിലാവുന്നില്ലേ  ?"

ബാർ അടക്കാറായപ്പോൾ ഉറയ്ക്കാത്ത കാലുകളുമായി ഞങ്ങൾ പുറത്തിറങ്ങി , ഇനിയും അവനോട് സംസാരിച്ചാൽ വട്ടു പിടിക്കും എന്ന് തോന്നിയ ഞാൻ പിന്നെ ഒന്നും മിണ്ടാതെ നടന്നു , നടത്തത്തിനു ഇടയിൽ അവനെ എവിടെയോ വഴി മാറി പോയി.

വർഷങ്ങൾ കടന്നു പോയി , കാക്കനാടിനു താമസം മാറിയതോടെ , എം ജി റോഡ് പോവുന്നതും നിന്നു.  ഒരിക്കൽ നാട്ടിലേക്ക് പോവുമ്പോൾ ട്രെയിൻ ഷൊർണൂർ കുറെ നേരം നിർത്തി ഇട്ടു , സമയം പോവാൻ പുറത്തിറങ്ങിയ ഞാൻ അടുത്ത പ്ലാറ്റഫോമിൽ തറയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു ഭ്രാന്തനെ കണ്ടു , മുഴിഞ്ഞ പാന്റും ഷർട്ടും ധരിച്ച അയാൾ എന്തോ വാരി വാരി കഴിക്കുന്നു , ഒരു നിമിഷം ഞാൻ എൽദോസിനെ ഓര്ത്തു , ഈശ്വര അങ്ങനെ ഒന്നും ആവല്ലേ എന്ന് പ്രാർത്ഥിച്ചു.  ട്രെയിൻ നീങ്ങുന്നത് വരെ ഞാൻ അയാളെ നോക്കി നിന്നു , വീണ്ടും വീണ്ടും മനസിനെ പറഞ്ഞു പഠിപ്പിച്ചു

"അല്ല അത് എൽദോസ് അല്ല ....."




Comments

  1. Is it real a story or a simple imagination. I can't remember eldose in economics

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാല...

രാമാനന്ദ സാഗര്‍ Vs മണി രത്നം

പടം കണ്ടു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അരവി ചോദിച്ചു "അല്ല ഭായി ഇതിപ്പോ നല്ല പടമോ അതോ തല്ലിപൊളി പടമോ, എനിക്ക് ശരിക്കും അങ്ങ് സുകിച്ചില്ല" ഇതില്‍ കൂടുതല്‍  ഞാന്‍ എന്ത് പറയാനാ, അല്ല ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍ നാടുകാര്‍ എന്നെ തല്ലാന്‍ വരുമോ ആവൊ? ആശയാണ് എല്ലാ നിരാശക്കും കാരണം എന്നാണ് പറയുന്നത് അത് തന്നെയാണ് "രാവണന്റെ" കാര്യത്തിലും സംഭവിച്ചത്.  ഒരുപാട് പ്രദീക്ഷിച്ചു അതാ പറ്റിയത്.  ഒരു മണിരത്നം സിനിമ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി ഞാന്‍ കുറച്ചു കാര്യങ്ങള്‍ പ്രദീക്ഷികും 1 . നല്ല ഒരു കഥ 2 . നല്ല കഥാപാത്രങ്ങള്‍ 3 . നല്ല തിരക്കഥ (നല്ല കഥാ) 4 . മികച്ച അഭിനയം 5 . നല്ല ഗാനങ്ങള്‍ 6 . നല്ല ക്യാമറ 7 . എല്ലാത്തിലും ഉപരി പുതിയതായി എന്തെങ്കിലും (തന്റെ ആദ്യ ചിത്രമായ "പല്ലവി അനു പല്ലവി" മുതല്‍ "രാവണന്റെ" തൊട്ടു മുന്‍പുള്ള "ഗുരു" വരെ ഈ പ്രതേകതകള്‍ ഉണ്ടായിരുന്നു.(ദില്‍ സെ, ഞാന്‍ മണി രത്നത്തിന്റെ സിനിമ ആണെന്ന് കരുതുന്നില്ല, അത്ര തല്ലി പൊളി ആയിരുന്നു അത് ) മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല ഗാനങ്ങള്‍ , നല്ല ക്യാമറ ഇവ രാവണനില്‍ ഉണ...