മരുമകനും അവന്റെ ഭാര്യയും വന്നു വിളിച്ചപ്പോൾ പയം കുറ്റിക്കു വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ . അവൻ കാവിലെ ഉത്സവത്തിന് വന്നതാ. കോവൂറ്‍ നിന്നും കുറുക്കൻ മൂല പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ മതി. പക്ഷെ പയം കുറ്റി രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ് വലിയ ദൂരം അല്ല, എങ്കിലും.
നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു
"നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ? ഇന്ന് പയം കുറ്റിക്കു പോവുന്നില്ല?"
നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?"
"പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "
പെണ്മക്കളെ രണ്ടു പേരെയും കെട്ടിച്ചു വിട്ടതിനു ശേഷം നാണു വാശാനും സാവിത്രിയും ഇത് വരെ വഴക്കു കൂടിയിട്ടില്ല, ഇടയ്ക്കു ആലോചിക്കുമ്പോൾ ചിരി വരും, കല്യാണത്തിന് ശേഷം ഒരു ദിവസം പോലും വഴക്കു കൂടാതെ ഇരുന്നിട്ടില്ലാത്ത രണ്ടു പേർ ഒരു ദിവസം ഉച്ച മുതൽ വഴക്ക് നിർത്തി , കഴിഞ്ഞ അഞ്ചു വർഷം ആയി പിന്നെ ഒരു വാക് തമ്മിൽ മോശമായി പറയുക ഉണ്ടായിട്ടില്ല,
പിഴിഞ്ഞ് ചുമലിൽ അടുക്കി വച്ചിരിക്കുന്ന വസ്ത്രത്തിൽ ഒന്ന് എടുത്തു അഴയിൽ ഇടുന്നതിനു ഇടയിൽ ആത്മ ഗതം എന്നോളം സാവിത്രി പറഞ്ഞു
"അവരുടെ കല്യാണം കഴിഞ്ഞിട്ട് കൊല്ലം മൂന്നായില്ലേ അവൾക്കു വിശേഷം ഒന്നും ആയില്ലല്ലോ, അവരുടെ കളിയും ചിരിയും കണ്ടപ്പോൾ ഒരു കൊല്ലത്തിനുള്ളിൽ ഉണ്ടാവും എന്ന് ഞാൻ കരുതി, ആ ഓരോന്നിനും ഓരോ സമയം ഉണ്ടാവും "
ഗ്ലാസ്സിൽ ബാക്കി ഉണ്ടായിരുന്ന കാപ്പി മുറ്റത്തേക്ക് ഒഴിച്ച് പത്രം മടക്കി നാണുവാശാൻ എഴുനേറ്റു. ഒന്ന് ബ്ലോക്ക് ഓഫീസ് വരെ പോണം പിന്നെ കോ-ഓപ്പറേറ്റീവ് ബാങ്കിൽ കയറണം.
സാവിത്രി സന്ധ്യക്ക് വിളക്ക് വച്ച് കഴിഞ്ഞപ്പോഴേക്കും നാണുവാശാൻ പയം കുറ്റിക്കു പുറപ്പെട്ടു കഴിഞ്ഞിരുന്നു. പോക്കായി മുക്ക് ഇറങ്ങി കുറുക്കൻ മൂലയ്ക്ക് നടക്കുമ്പോൾ ഇരു വശവും പുതുതായി വന്ന വീടുകൾ നോക്കി, കൂടുതലും മാപ്ല മാരുടെതാ അവിടെ നിന്നും എണ്ണയിൽ എന്തൊക്കെയോ വറക്കുന്നതിന്റെ മണം വരുന്നു. പണ്ട് ബർമ മാതുവിന്റെ വീട് കഴിഞ്ഞാൽ മതിയോത് സ്കൂളിന് ഇടയിൽ ആകെ ഒന്നോ രണ്ടോ വീടാ ഉണ്ടായിരുന്നത് ഇപ്പൊ ടൌൺ പോലെ ആയി.
പെങ്ങളുടെ വീട്ടിൽ എത്തിയപ്പോൾ പത്തു പതിനഞ്ചു പേര് ഉണ്ടായിരുന്നു, മരിച്ചു പോയ കണ്ണന്റെ മകൻ ശശി ആണ് കർമം ചെയ്യുന്നത്, ഏഴര ആയപ്പോൾ ചടങ്ങുകൾ തുടങ്ങി, വാഴ ഇലയിൽ മുത്തപ്പന് ഉള്ള അരിയും പൂവും അവിലും ഉണക്ക മീനും പിന്നെ അരികിൽ ആയി ഒരു ചെറിയ കിണ്ടിയിൽ കള്ളും . ചടങ്ങു കഴിഞ്ഞപ്പോൾ എട്ടര ആയി. നാണുവാശാൻ പതുക്കെ എഴുനേറ്റു മരുമകൻ രവിയുടെ അടുത്തെത്തി പറഞ്ഞു
"രവി ഞാൻ ഇറങ്ങട്ടെ ? വീട്ടിൽ സാവിത്രി ഒറ്റക്കാ "
"അയ്യോ എന്തെങ്കിലും കഴിച്ചിട്ട് പോവാം, പുരുഷു ഏട്ടാ അമ്മാവന് കഴിക്കാൻ എടുത്തു വെക്കുവോ ?" ആൾ കൂട്ടത്തിൽ നാണുവാശാന് ആകെ പരിജയം ഉള്ളത് പുരുഷുവിനെ ആണ്. പുരുഷു ഇറയത്തിന്റെ അറ്റത്തു ഒരു ഇലയിൽ ചക്ക പുഴുക്ക് വിളമ്പി
"ആശാനേ തെരണ്ടി നെയ് ഇട്ടു വച്ചതാ", പിന്നെ കല്ലുമ കായ വറുത്തതും വിളമ്പി. ഒരു പുട്ടു പാനിയിൽ കള്ളൊഴിച്ചു അരികിൽ വച്ചു. ആശാൻ പാനിയിൽ നിന്നും ഒരു തുടം കള്ളും ഒരു കൈ ക്കു പുഴുക്കും പിന്നെ ഒരു കല്ലുമ്മ കായ വറുത്ത് എന്ന ക്രമത്തിൽ കഴിച്ചു തുടങ്ങി. പാനി ഒഴിഞ്ഞപ്പോൾ പുരുഷു വീണ്ടും നിറച്ചു. രണ്ടാമത്തെ പാനി തീർന്നപ്പോൾ വീണ്ടും നിറക്കാൻ തുടങ്ങിയ പുരുഷുവിനെ ആശാൻ വിലക്കി.
"ഡാ എനിക്ക് വീട് വരെ എത്തണം" കിണ്ടിയിലെ വെള്ളം കൊണ്ട് വായ കഴുകി ആശാൻ ചിറി തുടച്ചു. പുരുഷു അരയിലെ കെട്ടിൽ നിന്നും ഒരു പാഷാണം ചുരുട്ട് എടുത്തു ഭവ്യതയോടെ ആശാന് കൊടുത്തു. ചുരുട്ട് ഒന്ന് ഇരുത്തി മണത്തുകൊണ്ടു ആശാൻ ചോദിച്ചു
"നിനക്ക് ഇത് ഇപ്പോഴും ഉണ്ടോ ? എടാ അകത്തു പോയാൽ പിന്നെ പുറത്തു വരില്ല "
പുരുഷു പുകയില കറ പുരണ്ട പല്ലു കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു "നമുക്ക് അകവും പുറവും എല്ലാം ഒന്നല്ലേ ?"
ചുരുട്ട് ഒന്ന് ഇരുത്തി വലിച്ചു ആകാശത്തു നോക്കി ആശാൻ അൽപ നേരം ഇരുന്നു. തെളിഞ്ഞ ആകാശത്തു ചന്ദ്രനെ നോക്കി ഇരുന്ന ആശാനു ചന്ദ്രനെ ഒരു മേഘം വന്നു മൂടുന്നത് കണ്ടപ്പോൾ പെട്ടെന്ന് സാവിത്രി കട്ടിലിന്റെ അറ്റത്തു പുറംതിരിഞ്ഞു ഇരിക്കുന്നത് ഓർമ വന്നു. വാച്ചിൽ നോക്കിയപ്പോൾ ആണ് താൻ അങ്ങിനെ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരം ആയി എന്ന് മനസിലായത്. സമയം പത്തര ആയി ഒരുവിധം എല്ലാരും പോയി. ആശാൻ എഴുനേറ്റു മുണ്ടും ഷർട്ടും നേരെ ആക്കി. പിന്നെ തോർത്ത് ചുമലിൽ ഇട്ടു, പെങ്ങളോടും രവിയോടും അവൻ്റെ ഭാര്യയോടും യാത്ര പറഞ്ഞു. ഇന്ന് ഇവിടെ നിന്നാൽ പോരെ എന്ന പെങ്ങളുടെ ചോദ്യത്തെ, സാവിത്രി തനിച്ചാ എന്ന ഒറ്റ ഉത്തരത്തിൽ നിർത്തി.
ഇനി നട തന്നെ ശരണം എന്ന് അറിയാമായിരുന്ന ആശാൻ കാലുകൾ വലിച്ചു നടന്നു. സോഡാ മുക്ക് എത്തിയപ്പോഴാണ് ആശാന് മറ്റൊരു ആശയം തോന്നിയത് റോഡ് വഴി പോവുന്നതിന് പകരം വയല് മുറിച്ചു കടക്കുക, പിന്നെ കുറുമ്പ ഭഗവതി കാവിന്റെ അരികു വഴി വലിയ തോട് മുറിച്ചു കടന്നു മൂർക്കോത്തു വയലും കടക്കുക, നാലു ഫർലോങ് ദൂരം രണ്ടര ഫര്ലോങ്കിൽ തീരും. തീരുമാനം എടുക്കാൻ ആശാന് വീണ്ടും ആലോചിക്കേണ്ടി വന്നില്ല. റോഡ് സൈഡിൽ നിന്ന ഒരു ചെറിയ തെങ്ങിൽ നിന്നും ഉണക്ക ഓല ഓടിച്ചു ചൂട്ടു കെട്ടി കത്തിച്ചു, അത് കത്തിച്ചു വയൽ വഴി നടത്തം തുടങ്ങി. ചൂട്ട് ഇല്ലെങ്കിലും വലിയ കുഴപ്പം ഇല്ല, നല്ല നിലാവ് ഉണ്ട്.
വയറ്റിലെ കള്ളും തലയിലെ പുകയും ആശാന്റെ കാലുകൾക്കു ചിറകു നൽകി. പച്ച ഞാറ് വിരിച്ചു നിൽക്കുന്ന വയലിന് നടുവിലൂടെ നടന്നു പോവുന്ന ആശാനെ അൽപ നേരം ആശാൻറെ ആത്മാവ് ആകാശത്തു നിന്നും നോക്കി, കുറെ ഉയരത്തിൽ ചെന്നപ്പോൾ , നിറയെ പായൽ പിടിച്ച ഒരു കുളത്തിനു മുകളിൽ കൂടി ഒരു മിന്നാ മിനുങ്ങു പോവുന്നത് പോലെ ആശാന് തോന്നി. ഇനിയും നോക്കി നിന്നാൽ താൻ തന്റെ ദേഹം വിട്ട് എന്നെന്നേക്കുമായി പോവും എന്ന് തോന്നിയപ്പോൾ ആത്‌മാവ് തിരിച്ചു ശരീരത്തിൽ കയറി. അപ്പോഴേക്കും വയൽ അവസാനിച്ചു കാവിലേക്കുള്ള കയറ്റം തുടങ്ങിയിരുന്നു. അപ്പോഴാണ് ആശാൻ ഒരു കാര്യം ഓർത്തത്, കാവിലെ ഉത്സവം കഴിഞ്ഞിട്ട് രണ്ടു ദിവസം ആയതേ ഉള്ളു, ഉത്സവം കഴിഞ്ഞു തമ്പുരാട്ടി പടി ഇറങ്ങിയാൽ പിന്നെ മൂന്നു ദിവസം കഴിഞ്ഞാലേ ആളുകൾ കാവിൽ കയറു, അന്ന് കരിയെടുക്ക ആണ്. ആ മൂന്നു ദിവസങ്ങളിൽ ഭഗവതി കാവിനു പുറത്തു നടക്കും എന്നാണ് പുരാണം.
ഇനി വഴി മാറി നടക്കണം എങ്കിൽ ഒരു പാട് ദൂരം പോവണം, ഇപ്പോൾ തന്നെ നേരം വൈകി. ഒടുവിൽ മുന്പോട്ടു പോവാൻ ആശാൻ തീരുമാനിച്ചു. കയറ്റം കയറി കഴിഞ്ഞു കാവിന്റെ ഭാഗത്തേക്ക് നോക്കാതെ തലകുനിച്ചു കാവിൽ നിന്നും പരമാവധി ദൂരം പാലിച്ചു ആശാൻ നടക്കാൻ തുടങ്ങി. ഒരു വിധത്തിൽ കാവും പരിസരവും ആശാൻ താണ്ടി. കുന്നിറങ്ങി കഴിയാറായപ്പോൾ ആണ് ആശാന്റെ ശ്വാസം നേരെ വീണത്, ഇനി വലിയ തോട് മുറിച്ചു കടന്ന് മൂർക്കോത്തെ വയൽ കടന്നാൽ പിന്നെ വീട്ടിലേക്കു അധികം ദൂരം ഇല്ല. ഇറക്കം ഇറങ്ങി തോടിനു അടുത്ത് ആയാണ് ആശാരി ആണ്ടിയുടെ വീട്, അവനെ കണ്ടിട്ട് കുറെ കാലം ആയി, അവിടെ കയറി കുറച്ചു വെള്ളം കുടിക്കാം.
ആണ്ടിയുടെ വീട്ടിന് അടുത്ത് എത്തിയപ്പോൾ ആരോ വീട്ടിലേക്കു പോവുന്ന പടിക്കൽ നിൽക്കുന്നതായി ആശാന് തോന്നി. കെടാറായ ചൂട്ടു ഒന്ന് ആഞ്ഞു വീശി തലയ്ക്കു മുകളിൽ ഉയർത്തി ആശാൻ ചോദിച്ചു
"ആരാ അവിടെ ?"
വെള്ള മുണ്ടും വെള്ള ബ്ലൗസും ഇട്ട് മേൽ മുണ്ട് പുതച്ച ആ രൂപം ചുമലിൽ എന്തോ വച്ച് പതുക്കെ തട്ടി കൊണ്ടിരുന്നു. ആശാൻ രണ്ടു മൂന്നടി മുന്നോട്ടു വച്ച് ചൂട്ടു ഒന്നു കൂടെ വീശി. മുപ്പതിന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ കയ്യിൽ ഒരു കുട്ടിയും ഉണ്ട്. വെളുത്ത മുഖം നീണ്ട മൂക്കുകൾ ചുരുള മുടി ഒത്ത ശരീരം.
"ഞാളാ ഓളി, മാതു അച്ഛനും ഓലും കൂപ്പില് തടി എടുക്കാന് പോയിട്ട് വന്നില്ല , മോനാണെങ്കിൽ പനി കുറയുന്നും ഇല്ല, ഞാള് ആരെങ്കിലും വന്നാൽ അക്കരെ ഡോക്ടറെ കാണാൻ നിന്നതാ"
ആണ്ടിയുടെ മകൻറെ ഭാര്യ ആണ്, ഭാര്യ മരിച്ചപ്പോൾ ആണ്ടി പിന്നെ കല്യാണം കഴിച്ചില്ല, പണി സ്ഥലത്തു പോവുമ്പോൾ മകനെ കൊണ്ട് പോയി വളർത്തി. പത്തു കൊല്ലം മുൻപ് കല്യാണം കഴിപ്പിച്ചു കൊടുത്തു, പക്ഷെ കുട്ടിയായതു ഇത് വരെ കേട്ടിട്ടില്ല. ഒരിക്കൽ കള്ളു ഷാപ്പിൽ വച്ച് ആരോ പറയുന്നത് കേട്ടു
"എങ്ങനെയാ അവനു കൊച്ചുണ്ടാവുക ആണ്ടി അവരുടെ നടുവിൽ ആയിരിക്കും മിക്കവാറും കിടക്കുന്നതു " മകനെ ആണ്ടി അങ്ങനെ ലാളിച്ചാണ് വളർത്തിയിരുന്നത്.
ആലോചനയിൽ നിന്നും ഉണർന്ന ആശാൻ പറഞ്ഞു, "ഞാൻ അക്കരക്കാ , വേണമെങ്കിൽ എൻ്റെ കൂടെ വന്നോ, പക്ഷെ നീ എങ്ങനെ തിരിച്ചു വരും ?"
"അവിടെ നേഴ്സമ്മ ഉണ്ട് അവരുടെ കൂടെ രാത്രി നിന്ന് രാവിലെ വരാം "
"ശരി, എന്നാൽ നടന്നോ ?"
വീണ്ടും ചൂട്ടു വീശി കൊണ്ട് ആശാൻ പറഞ്ഞു. മാതു മുന്നിലും ആശാൻ പിന്നിലും ആയി നടന്നു, കുട്ടി കരയാതെ മാതുവിന്റെ തോളിൽ കിടന്നു. മുട്ടോളം മാത്രം വെള്ളം ഉള്ള തോട് മുറിച്ചു കടക്കുമ്പോൾ മാതു മുണ്ട് മുട്ടറ്റം ഉയർത്തി, ചൂട്ടിന്റെ അരണ്ട വെളിച്ചത്തിൽ ആ കാലുകൾ വെള്ളത്തിൽ കണ്ടപ്പോൾ ആശാന്റെ മനസ്സിൽ ഒരു പിടച്ചിൽ ഉണ്ടായി, തോട്ടിൽ നിന്നും കയറി വയലിലൂടെ നടന്ന മാതുവിന്റെ ഉലഞ്ഞു കൊണ്ടുള്ള നടത്തവും കെട്ടഴിച്ച ചുരുണ്ട മുടിയും ചൂട്ടിന്റെ വെളിച്ചത്തിൽ തിളങ്ങി, ആശാന് തൻ്റെ രക്തം ഒരു നിമിഷം ചൂട് പിടിക്കുന്നത് പോലെ തോന്നി. തൻ്റെ മനസ് കയ്യ് വിട്ടു പോവുമോ എന്ന ഭയത്തിൽ ആശാൻ ഒരു നിമിഷം നിന്നു .
പുറകിൽ ചൂട്ടു വെളിച്ചം നിന്നതു കണ്ട മാതു തല ചരിച്ചു ആശാനെ നോക്കി, അവളുടെ ചുണ്ടിന്റെ ഒരു കോണിൽ തങ്ങി നിന്ന ചിരിയും കണ്ണിൽ കത്തി നിന്ന എന്തോ ഒരു ഭാവവും ആശാന് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു. വരണ്ട തൊണ്ട തുപ്പൽ ഇറക്കി നനച്ചുകൊണ്ടു ആശാൻ പറഞ്ഞു
"ഞാൻ മുന്നിൽ നടക്കാം, നിനക്ക് ചൂട്ടിന്റെ വെളിച്ചം കിട്ടും "
വീതി കുറഞ്ഞ വരമ്പിൽ ആശാൻ മാതുവിനെ മറി കടന്നു, ശരീരങ്ങൾ പരസ്പരം തൊടാതിരിക്കാൻ ആശാൻ പരമാവധി ശ്രമിച്ചു. വീണ്ടും നടത്തം തുടർന്നപ്പോൾ, മനസിലെ ആകുലതകൾ കെട്ടടങ്ങി. തണുത്ത കാറ്റ് ശാന്തമായി വീശി. ഇനി അല്പം കൂടി നടന്നാൽ വയൽ കഴിയും, അപ്പോഴാണ് പുറകിൽ കാല്പെരുമാറ്റത്തിന് കൂടെ എന്തോ ചവക്കുന്ന ശബ്ദം കേട്ടത്, മുറുക്ക് കടിച്ചു പൊട്ടിക്കുന്നത് പോലെ. പുറകോട്ടു തിരിഞ്ഞു നോക്കാതെ ആശാൻ ചോദിച്ചു
"എന്താ മാതു അത് ?"
"കുറച്ചു മുറുക്കാ ഓലി , വിശക്കുന്നു, മാമന് വേണോ ?"
"വേണ്ട, നീ കഴിച്ചോ " അവരുടെ നടത്തവും , മാതുവിനെ മുറുക്ക് തീറ്റയും നടന്നു . വയൽ കഴിയുന്ന സ്ഥലത്തു എത്തിയപ്പോൾ പുറകിലെ കാൽ പെരുമാറ്റം നിന്നു, ഒരു കാറ്റടിച്ചു അണയാറായ ചൂട്ടും കെട്ടു. മാതുവിന് എന്ത് പറ്റി എന്നറിയാൻ തിരിഞ്ഞു നോക്കിയ ആശാൻ നിലാവിൽ ആ കാഴ്ച കണ്ടു ഞെട്ടി .
കഴുത്തു മുതൽ അര വരെ ചോരയിൽ കുളിച്ച മാതു കയ്യിൽ ഉള്ള എന്തോ കടിച്ചു വലിക്കുന്നു അതിൽ നിന്നും ഒഴുകുന്ന ചോര ആണ് ദേഹം മുഴുവൻ. അത് ഒരു കുഞ്ഞിന്റെ കാൽ ആണെന്നും എല്ലുകൾ കടിച്ചു പൊട്ടിക്കുന്ന ശബ്ദം ആണ് താൻ കേൾക്കുന്നത് എന്നും ആശാൻ അറിഞ്ഞു, ഒരു അലർച്ച തൊണ്ടയിൽ കുടുങ്ങി നിന്ന ആശാനെ നോക്കി മാതു ചിരിച്ചു, വായ മുഴുവൻ ചോര.
"ആശാനേ എന്നിക്കു ഈ വയൽ വിട്ടു വരാൻ പറ്റില്ല "
പിന്നെ ആശാന്റെ തൊണ്ടയിൽ നിന്നും ഒരു അലർച്ച പുറത്തേക്കു വന്നു, തിരിഞ്ഞു ഓടിയ ആശാൻ എത്ര ദൂരം ഓടി എന്ന് അറിയില്ല . പിന്നെ ബോധം വരുമ്പോൾ ആശാൻ മൂസ ഹാജിയുടെ പറമ്പിൽ കിടക്കുകയാണ്, ആരൊക്കെയോ അടുത്ത് നിൽക്കുന്നുണ്ട്, കൂട്ടത്തിൽ പ്രായം കൂടിയ ആരോ ചോദിച്ചു
"നീ എന്തിനാ ഈ കരിയടുക്ക നടക്കുന്നതിനു മുൻപ് മൂർക്കോത്തെ വയൽ കടക്കാൻ പോയത്, ഭഗവതിക്ക് ആ മൂന്നു ദിവസം അവളെ തടയാൻ പറ്റില്ല എന്നറിയില്ലേ "
നിലത്തു നിന്നും പതുക്കെ എഴുന്നേറ്റ ആശാൻ തനിക്കു സംഭവിച്ചത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നറിയാവുന്നതു കൊണ്ട് ഒന്നും പറയാൻ നിന്നില്ല. വീട്ടിലേക്കു നടക്കുമ്പോൾ എതിരിൽ ആണ്ടിയും മകനും മകന്റെ ഭാര്യയും വരുന്നത് കണ്ടു, അടുത്ത് എത്തിയപ്പോൾ താൻ ഇന്നലെ കണ്ട മാതുവല്ല അത് എന്നും ആശാന് മനസിലായി.
"മോന്റെ കുട്ടിക്ക് നല്ല സുഖം ഇല്ല ഞങ്ങൾ ഇന്നലെ വൈകീട്ട് ഡോക്ടറെ കാണാൻ പോയതാ ഇപ്പോഴാ തിരിച്ചു വരുന്നത്" ആശാനോട് ആണ്ടി പറഞ്ഞു,
പതുക്കെ തല ആട്ടി ആശാൻ നടന്നു നീങ്ങി, ഒരിക്കൽ കൂടി മൂർക്കോത്തെ വയലിലേക്ക് നോക്കാൻ ആശാന് ധൈര്യം വന്നില്ല ......
Kollam nannayittundu...
ReplyDeleteNice story
ReplyDeleteSanju