ഒരു അത്യാവശ്യ കാര്യത്തിനായി കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് വരെ പോകേണ്ടി വന്നു. അന്ന് തന്നെ തിരിച്ചു വരേണ്ടത് കൊണ്ട്, കാർ ആലുവാ റെയിൽവേ സ്റ്റേഷനിൽ ഇട്ടു. ഇന്റർസിറ്റിക്കു പോയാൽ ഉച്ചക്ക് ഉള്ള ജന ശതാബ്ദി ക്കു തിരിച്ചു വരാം. രണ്ടു ട്രെയിനിനും ബുക്ക് ചെയ്തത് കൊണ്ട് യാത്ര വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. ട്രെയിൻ കൃത്യ സമയത്തു തന്നെ എത്തി. ഷൊർണുർ എത്തിയപ്പോൾ ഒരു ചായ കുടിക്കാൻ ഞാൻ പുറത്തു സ്റ്റേഷനിൽ ഇറങ്ങി.
ചായ പകുതി കുടിച്ചു കഴിഞ്ഞപ്പോഴേക്കും ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങിയിരുന്നു, എൻ്റെ കംപാർട്മെന്റ് നീങ്ങിയത് കൊണ്ട് ഞാൻ തൊട്ടടുത്ത കംപാർട്മെന്റിൽ കയറി. അപ്പോഴാണ് അതിനു റിസർവേഷൻ കംപാർട്മെന്റും ആയി കണക്ഷൻ ഇല്ല എന്ന് മനസിലായത്. ഇനി അടുത്ത സ്റ്റേഷൻ വരെ വാതിലിനു അടുത്ത് നിൽക്കാം, സ്റ്റേഷൻ എത്തുമ്പോൾ മാറി കയറാം. അപ്പോഴാണ് അവിടെ നിന്നിരുന്ന രണ്ടു പേരെ ശ്രദ്ധിച്ചത്. ഒന്ന് ഒരു ഫ്രീക്കൻ പയ്യൻ, മുടി ഒക്കെ ജെൽ തേച്ചു മുകളിലേക്കു ചീവി വച്ചിരിക്കുന്നു. ചെവിയിൽ ഹെഡ്‍ഫോൺ ഉണ്ട് മൊബൈലിൽ എന്തോ കേട്ട് കൊണ്ടിരിക്കുന്നു. ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു. അവൻ തിരിച്ചു ചിരിച്ചു, എന്നിട്ടു ഒരു ചെവിയിൽ നിന്നും ഹെഡ് ഫോൺ മാറ്റി ചോദിച്ചു
"ട്രെയിൻ നീങ്ങി പോയി അല്ലെ ? പണ്ട് ഇവിടെ കുറെ നേരം നിർത്തുമായിരുന്നു, ഇപ്പൊ പെട്ടെന്ന് എടുക്കും, ഇവിടെ നിന്നും കമ്പ്ലീറ്റ് ഇപ്പൊ ഡബിൾ ലൈൻ അല്ലെ "
പയ്യൻ കാര്യങ്ങൾ എല്ലാം അറിയുന്ന ആൾ ആണ്, ചിലപ്പോൾ സ്ഥിരം യാത്രക്കാരൻ ആയിരിക്കും. നീങ്ങി തുടങ്ങിയ ട്രെയിൻ പതുക്കെ നിന്നു. അപ്പോഴാണ് ട്രെയിനിന്റെ വാതിലിനു അരികിൽ ഒരു ചെറിയ തുണി സഞ്ചിയും ആയി നിന്ന ഒരു സ്ത്രീയെ ഞാൻ ശ്രദ്ധിച്ചത്. അമ്പതു വയസിന് അടുത്ത പ്രായം, അല്പം മുഷിഞ്ഞ സാരിയും ബ്ലൗസും ആണ് വേഷം, മുഖത്തും കയ്യിലും അഴുക്ക് ഉള്ളത് പോലെ, എണ്ണ തേക്കാതെ ദിസങ്ങളായി കുളിക്കാത്ത മുടി, ട്രെയിൻ നിർത്തിയപ്പോൾ പുറത്തേക്കു നോക്കി അവർ നിന്നു , എനിക്ക് പുറത്തു ഇറങ്ങി എൻ്റെ കംപാർട്മെന്റിൽ പോവണം എന്ന് ഉണ്ടായിരുന്നു. വാതിലിൽ അവർ നിന്നതു കാരണം എനിക്ക് പറ്റിയില്ല, വാഷ്‌ബേസിനു അടുത്തായി പയ്യനും ഞാനും നിന്നു,
സ്ത്രീ പതുക്കെ തിരിഞ്ഞു ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു
"ഇത് തൃശൂർ എപ്പോ എത്തും "
ഞാൻ പറഞ്ഞു
"ഇത് തൃശൂർ പോവുന്ന ട്രെയിൻ അല്ല, അത് അടുത്ത പ്ലാറ്റുഫോമിൽ ആണ്"
ഞാൻ ഇത് പറഞ്ഞതും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു, അവരുടെ മുഖത്തു ഒരു നിരാശയും, പിന്നെ ഒരു വലിയ ഞെട്ടലും നിഴലിച്ചു, അവർ പെട്ടെന്ന് തിരിഞ്ഞു നിന്നു .
ഞാൻ ഉറക്കെ പറഞ്ഞു "അടുത്ത സ്റ്റേഷനിൽ ഇറങ്ങി ട്രെയിൻ മാറി കയറിയാൽ മതി"
എൻ്റെ ശബ്ദം കേട്ട് അവിടെ നിന്നിരുന്ന പയ്യൻ, ചെവിയിൽ നിന്നും ഹെഡ്‍ഫോൺസ് എടുത്തു. ഞങ്ങളെ ഒന്നു കൂടെ തിരിഞ്ഞു നോക്കി ആ സ്ത്രി പ്ലാറ്റഫോമിലേക്കു എടുത്തു ചാടി, ഒരു മിന്നായം പോലെ പയ്യൻ അവരെ പിടിക്കാൻ മുന്നോട്ട് ആഞ്ഞു, പ്ലാറ്റുഫോമിൽ വീണ സ്ത്രി തെറിച്ചു പോവുന്നത് ട്രെയിൻ നീങ്ങുന്നതിനു ഇടയിൽ ഞാൻ കണ്ടു. ഒരു നിമിഷം വാതിലിനു അരികിൽ എത്തിയ പയ്യൻ ബാലൻസ് തെറ്റി പുറത്തേക്കു വീണു, അപ്പോഴേക്കും പ്ലേറ്റുഫോം കഴിഞ്ഞിരുന്നു, പുറത്തേക്കു വീണ പയ്യൻ അരികിൽ ഉണ്ടായിരുന്ന ഒരു പോസ്റ്റിൽ തട്ടി പുറകിലേക്ക് വീണു. ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞാൻ തരിച്ചു നിന്നു. പുറത്തു പയ്യന് എന്ത് സംഭവിച്ചു എന്ന് നോക്കാൻ ഭയം എന്നെ അനുവദിച്ചില്ല , ഞാൻ അലറി
"അയ്യോ ആരെങ്കിലും ആ ചെയിൻ ഒന്ന് വലിക്കു , ഒരാൾ താഴെ വീണു "
എനിക്ക് മുൻപ് തന്നെ ആരോ ചെയിൻ വലിച്ചു, ട്രെയിൻ പതുക്കെ നിന്നു , ഞാൻ ട്രെയിനിൽ നിന്നും ഇറങ്ങി പയ്യൻ വീണ ഇടത്തിലേക്ക് ഓടി. അപ്പോഴേക്കും ചിലർ അവനെ താങ്ങി പ്ലാറ്റഫോമിൽ കിടത്തിയിരുന്നു, നാഡി പരിശോധിച്ച ഒരാൾ പറഞ്ഞു
"കഴിഞ്ഞു എന്ന് തോനുന്നു , തല നേരെ പോസ്റ്റിൽ ആണ് ഇടിച്ചത് "
ഒരു നിമിഷം വിശ്വസിക്കാൻ ആവാതെ ഞാൻ നോക്കി , ഓടി എത്തിയ സ്റ്റേഷൻ ഡോക്ടറും കൂടെ ഉണ്ടായിരുന്നവരും ചേർന്ന് പയ്യനെ സ്റ്റ്‌കച്ചേരിൽ എടുത്തു വച്ചു, വീണ്ടും പൾസ് പരിശോധിച്ചു ഡോക്ടർ ഇല്ല എന്ന് തല ആട്ടി.
ട്രെയിൻ നീങ്ങാൻ പോവുന്നു എന്നറിയിപ്പോടെ ചൂളം വിളിച്ചപ്പോൾ ഞാൻ തൊട്ടടുത്ത കംപാർട്മെന്റിൽ കയറി. പയ്യൻ അപ്പോഴും ചിരിച്ചു കൊണ്ട് കിടക്കുന്നതായി എനിക്ക് തോന്നി .
ആ സ്ത്രി എവിടെ പോയി ഞാൻ പ്ലാറ്റഫോമിൽ കണ്ണോടിച്ചു, അടുത്ത ഒരു ബെഞ്ചിൽ അവർ ആ മുഷിഞ്ഞ കവർ കയ്യിൽ പിടിച്ചു കാൽ ആട്ടികൊണ്ടു ചുറ്റും നടന്നത് ഒന്നും കാര്യമാക്കാതെ ഇരിക്കുന്നു, മുഖത്തു ഒരു വിഷമമോ വെപ്രാളമോ ഇല്ല, നിറഞ്ഞ ഒരു പുഞ്ചിരി മാത്രം. അവർ എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ടിരുന്നു, പ്ലാറ്റഫോം തീരാറായപ്പോഴും അവർ എന്നെ നോക്കി ചിരിച്ചു, പയ്യൻ തല അടിച്ചു വീണ പോസ്റ്റ് എൻ്റെ കാഴ്ച മറച്ച ഒരു ഞൊടി ഇടയിൽ അവർ എങ്ങോട്ടോ അലിഞ്ഞു പോയി.
എന്നെങ്കിലും നേരിടേണ്ടി വരുന്ന ആ പുഞ്ചിരി ഓർത്തു ഞാൻ ഞെട്ടാറുണ്ട് .
Comments
Post a Comment