തലമുറകളുടെ മൂത്രം ഖനീഭവിച്ച മൂത്ര പുരയുടെ ചുവരിൽ ആണ് ആദ്യമായി ഞാൻ ആ വാക്യം കണ്ടത് "പോക്കു മാഷ് നീതി പാലിക്കുക", അന്ന് ആറിലോ ഏഴിലോ പഠിക്കുന്ന എനിക്ക് അതിന്റെ അർഥം മനസിലായില്ല.
"എന്തോ വളരെ മോശം അർഥം ആണ് " ഷഫീ അല്പം പേടിയോടെ എന്നോട് പറഞ്ഞു.
അന്ന് തലശ്ശേരി സെന്റ് ജോസെഫിൽ ഹൈ സ്കൂൾ ക്ലാസ്സിൽ പുരുഷൻ മാരായ അദ്യാപകർ മാത്രമാണ് ക്ലാസ്സ് എടുത്തിരുന്നത്. അതിൽ പെടുന്ന ഒരു സാറായിരുന്നു ഈ പോക്കു മാസ്റ്റർ. ഒരിക്കൽ പോലും ഞങ്ങളുടെ ക്ലാസ്സിന്റെ ഭാഗത്തേക്ക് വരാതിരുന്ന അദ്ദേഹം ഞങ്ങള്ക്ക് ഒരു അന്യ ഗ്രഹ ജീവി ആയിരുന്നു.
വർഷങ്ങൾ പോയിക്കൊണ്ടിരുന്നപ്പോൾ, പോക്കു മാഷിന്റെ കൂടുതൽ ക്രുര കൃത്യങ്ങൾ ഞങ്ങൾ കേട്ടു കൊണ്ടിരുന്നു.
സമരത്തിന് സ്റ്റൈർ കേസ് വാതിൽ അടച്ചു നിന്ന എ ബി വി പി നേതാവിനെ തല്ലി താഴെ ഇട്ടു, സ്റ്റാഫ് റൂമിൽ വച്ച് പുക വലിച്ചു കൊണ്ടിരുന്നത് പരാതി പറഞ്ഞ മറ്റൊരു സാറിന്റെ മുഖത്ത് മുറുക്കാൻ തുപ്പി, അങ്ങനെ പലതും
മാഷിനെ ഞങ്ങൾ കണ്ടു തുടങ്ങിയത് എട്ടാം ക്ലാസിൽ എത്തിയപ്പോൾ ആണ്, പഴയ ബസ് സ്റ്റാൻഡിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിൽ പോവുന്ന വഴിയിൽ ഒരു ചാരായ കട ഉണ്ടായിരുന്നു, ഞങ്ങൾ പുതിയ ബസ് സ്റ്റാൻഡിൽ പോകുന്ന വഴിയിൽ ആയിരുന്നു അത്, വയ്കീടു അതിന്റെ മുന്നിൽ ചുവന്ന കൂമൻ കണ്ണുകളും മുറുക്കി ചുവപ്പിച്ച ചുണ്ടുകളും ആയി പോക്കു മാഷ് നില്ക്കുന്നത് കാണും. സെന്റ് ജോസെഫിലെ കുട്ടികൾ ആണെന്ന് കണ്ടാൽ അടുത്ത് വിളിക്കും തൊട്ടടുത്തുള്ള മുറിക്കാൻ കടയില നിന്നും ചക്കര മുട്ടായി വാങ്ങി തരും. ആടി ആടി പോക്കറ്റിൽ നിന്നും ബീഡി എടുത്തു വലിക്കും.
ഒരിക്കൽ ടൌണിൽ നടക്കുമ്പോൾ ഷെരിത് ഒരു കടയിൽ പഴങ്ങൾ ഇറക്കി കൊണ്ടിരുന്ന ഒരു പത്തു പതിനെട്ടു വയസു തോനുന്ന ഒരു ചെറുപ്പകാരനെ കാണിച്ചു ചോദിച്ചു "അയാളെ അറിയാമോ ", "ഇല്ല" എന്ന് ഞാൻ പറഞ്ഞു. "നമ്മുടെ പോക്കു സാറിന്റെ മോനാ", "ഇവൻ എന്താ ഇങ്ങനെ" എനിക്ക് ആകാംഷ അടക്കാൻ പറ്റിയില്ല, "പിന്നെ പട്ടിണി കിടന്നു ചാവാൻ പറ്റുമോ, എസ് എസ് എൽ സി ക്ക് എൻപതു ശതമാനം മാർക്കുണ്ട് അവനു". അന്നേ ജീവിതത്തെ കുറിച്ച് ഒരുപാട് മനസിലാക്കിയത് പോലെ ഷെരിത് സംസാരിച്ചു.
അവസാനമായി പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഞാൻ പോക്കു മാഷിനെ കാണുന്നത്, പത്തു ബി യുടെ പുറത്തു പുറത്തു കൂടെ മാഷ് പോയപ്പോൾ ആരോ "പോക്കു " എന്ന് വിളിച്ചു, ക്രുദ്ധനായ മാഷ് ക്ലാസില്ലേക്ക് ഓടി വന്ന് അലറി ചോദിച്ചു
"ആരാടാ പോക്കു എന്നു വിളിച്ചത്, ആരാടാ അത്"
ഒരു മൊട്ടു സൂചി വീണാൽ കേൾക്കുന്ന നിഷബ്ധദ , അങ്ങോട്ടും ഇങ്ങോട്ടും അല്പം നടന്ന് മാഷ് ചോദിച്ചു, യഥാർത്ഥത്തിൽ അലറി
"പോക്കു എന്ന് വച്ചാൽ എന്താണെന്നു നിനക്ക് അറിയാമോടാ ? ഇല്ലെങ്കിൽ നീയൊക്കെ വീട്ടിൽ ചെന്നു ചോദിക്കണം അമ്മെ എന്റെ അച്ഛൻ പോക്കു ആണോ എന്ന്" ഇത്രയും പറഞ്ഞു മാഷ് ക്ലാസിൽ നിന്നും ഇറങ്ങി പോയി. പറഞ്ഞത് എന്താണ് എന്നൊന്നും മനസിലായില്ല എങ്കിലും എന്തോ കടുത്ത തെറിയാണ് എന്ന് മനസിലായി.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ചൂടൻ ബിപിൻ ആണ് ആദ്യം അത് വന്നു പറഞ്ഞത്
"അറിഞ്ഞോ നമ്മുടെ പോക്ക് മാഷ് ലീവിൽ പോകുന്നു, എന്തോ രോഗം ആണ്, മൂന്നു മാസം ഉണ്ടാവില്ല"
പക്ഷെ ആ ലീവിന് പോയ മാഷ് തിരിച്ചു വന്നില്ല, രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ ആ വാർത്ത വന്നു, കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ലിവർ സിരോസിൽ കൂടി മാഷ് മരിച്ചു.
അന്ന് ഞങ്ങൾ മാഷിന്റെ വീട്ടില് പോയിരുന്നു, ചെത്തി തേക്കാത്ത വീടിന്റെ ചുവരിൽ കുറെ സർട്ടിഫിക്കറ്റ് ഫ്രെയിം ചെയ്തു വച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു, മുറ്റത്ത് നിന്ന ആരോ പറഞ്ഞു
"റാങ്ക് ഒക്കെ കിട്ടിയ ആളല്ലേ, ഇത്രയേ ഉള്ളു"
പണ്ട് കണ്ട മാഷിന്റെ മകന്റെയും, ഭാര്യയുടെയും മുഖത്ത് സത്യത്തിൽ ഒരു ആശ്വാസം ആണ് ഞാനും ബിപിനും കണ്ടത്.
ഇന്നും എനിക്ക് മാഷിന്റെ യഥാർത്ഥ പേരറിയില്ല ........
Comments
Post a Comment