"എന്റെ പോന്നു ഗോപി നീ എന്തെങ്കിലും ഒന്ന് പറ"
ബാർബർ ഷോപിലെ ബെഞ്ചിൽ ഇരുന്നു രാഘവേട്ടൻ ഗോപിയോട് ചോദിച്ചു. ചോദ്യം കാര്യമാക്കാതെ ഗോപി മുടി വെട്ടു തുടർന്നു. അഞ്ചു മിനിറ്റ് കൊണ്ട് മുന്നിലിരുന്ന തല ശരിയാക്കി ഗോപി പറഞ്ഞു.
"ഹോ ഗയ പച്ചാസ് രൂപയാ "
കാശു വാങ്ങി ഗോപി മേശയിൽ ഇട്ടു, പതുക്കെ ഒരു ബീഡി കത്തിച്ചു രാഘവന്റെ അടുത്ത് വന്നിരുന്നു.
"എന്താ രാഘവേട്ടാ പ്രശ്നം ?"
"എടാ ബാങ്ക് കാര് എടുത്ത ലോണ്‍ ഉടനെ തിരിച്ചു അടച്ചില്ല എങ്കിൽ വീട് ജെപ്തി ചെയ്യും എന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും ?"
"എന്തിനാ ലോണ്‍ എടുത്തത് ?"
"ഓട്ടോ വാങ്ങിക്കാൻ "
"എന്നിട്ട് ഓട്ടോ എവിടെ ?"
"അത് വർക്ക് ഷോപ്പിൽ ആണ് നാല് മാസം ആയി, രണ്ടു ഇടിയും പിന്നെ engine പണിയും ഒക്കെ ആയി, ഇനി അതൊന്നു പുറത്തു ഇറക്കണം എങ്കിൽ പത്തു മുപ്പതിനായിരം രൂപ വേണം"
"വീടിലെ ചിലവൊക്കെ എങ്ങിനെ പോവുന്നു ?"
"മോൻ മദിരാശിയിൽ നിന്നും മാസം അവൾക്കു കുറച്ചു കാശു അയച്ചു കൊടുക്കും, അത് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു, ബാങ്ക് കാർ ജെപ്തി ചെയ്താൽ അവൾ മോന്റെ അടുത്തേക്ക് പോവും എന്ന് പറഞ്ഞു, എന്നെ കൊണ്ട് പോവില്ല എന്നും"
"എന്റെ രാഘവേട്ടാ നിങ്ങൾ ഇത്ര പാവം ഒന്നും ചമയേണ്ട, മൂന്ന് കൊല്ലം മുൻപ് ഉണ്ടായിരുന്ന ഡ്രൈവർ പണി ഉപേക്ഷിച്ചു ബ്രൊകെർ ആയപ്പോൾ ഞാൻ പറഞ്ഞതാ വേണ്ട എന്ന്, ഇത് വിയർപ്പു ഇല്ലാത്ത പണി ആണ് എന്ന്, അന്ന് ഒരു കച്ചോടം നടന്നതിന്റെ കമ്മിഷൻ കാശിനു വെള്ളമടിച്ചു എന്നോട് എന്താ വന്നു പറഞ്ഞത്, എന്നെ പോലെ ഉള്ള മണ്ടന്മാർ എക്കാലത്തും ഇങ്ങനെ കണ്ടവന്റെ തല വടിച്ച് ജീവിക്കും എന്ന് അല്ലെ ? പിന്നെ കുറച്ചു കൂടെ കാശു കയ്യിൽ വന്നപ്പോൾ സ്വന്തമായി സ്ഥല കച്ചവടം തുടങ്ങി, കയ്യിലെ കാശു അഡ്വാൻസ് ആയി കൊടുത്തു മുടിയല്ലേ എന്ന് ഞാൻ പറഞ്ഞു അപ്പോൾ എന്ത് പറഞ്ഞു, കാശെരിഞ്ഞാൽ മാത്രമേ കാശു വരൂ എന്ന്. എന്നിട്ട് എല്ലാം പോയപ്പോൾ ഒരു കൊല്ലം മിൻപു ലോണ്‍ എടുത്ത് ഒരു ഓട്ടോ വാങ്ങി, അപ്പോൾ എന്ത് പറഞ്ഞു, ഈ ഇൻഫോ പാർകിൽ നിന്നും ഉള്ള ഓട്ടം മാത്രം മതി ഒരു കൊല്ലം കൊണ്ട്, രണ്ടു ഓട്ടോ വാങ്ങാം എന്ന്, എന്നിട്ട് വെള്ളമടിച്ചു ഓട്ടോ ഓടിച്ചു രണ്ടു തവണ ഇടിച്ചു, ഭാഗ്യത്തിന് പോലീസു പിടിച്ചില്ല. എന്നിട്ട് ഇപ്പോൾ ഇവിടെ വന്നിരുന്നു മോങ്ങുന്നോ ?"
"നീ ശവത്തില്‍ കുതാതെടാ, ഒന്നും ഇല്ലെങ്കിൽ ഈ ബാങ്ക് ജെപ്തി നിർത്താൻ ഒരു വഴി പറഞ്ഞു താ "
"ശരി മാസം ഒരു പതിനഞ്ഞായിരം രൂപ വച്ച് ബാങ്കിൽ അടക്കാൻ തയ്യാറായാൽ ചേട്ടന്റെ പ്രശ്നം തീരുമോ? "
"പിന്നെ തീരും ഒന്നര കൊല്ലം കൊണ്ട് എന്റെ ലോണ്‍ തീരും"
"എല്ല് മുറിയെ പണി എടുക്കാൻ തയ്യാറാണോ ?"
"തയ്യാറാ നീ എനിക്ക് ഒരു വിസ ശരിയാക്കി താ"
"പിന്നെ നിങ്ങള്ക്ക് വിസ ഉണ്ടാക്കി തരലാണല്ലോ എനിക്ക് പണി, എന്റെ രാഘവേട്ടാ നിങ്ങൾ ഈ ചുവരിൽ ഇരിക്കുന്ന ഫോട്ടോകൾ ഒന്ന് നോക്ക് ആരുടെയാ "
രാഘവൻ ചുവരിൽ നോക്കി, ഒരു പരിചയവും ഇല്ലാത്ത ആരുടെയൊക്കെയോ ഫോട്ടോകൾ, കണ്ടിട്ട് സിനിമ നടൻ മാരും നടിമാരും ആണെന്ന് തോന്നുന്നു.
"ആരാ ഇവരൊക്കെ ?"
"ആ പറഞ്ഞു തരാം രണ്ടു കൊല്ലം മുൻപ് എനിക്കിവിടെ കച്ചവടം മോശമായി എന്താ കാരണം എന്ന് ഞാൻ നോക്കിയപ്പോൾ നമ്മുടെ മലയാളികൾ ടൌനിൻ എ സി ബാർ ബർ ഷോപ്പിൽ പോവുന്നു, ഇവിടെ ആരും കയറുന്നില്ല, എ സി പിടിപ്പിക്കാൻ എനിക്ക് പറ്റില്ല, പക്ഷെ നാട്ടിൽ ആണെങ്കിൽ ഇഷ്ടം പോലെ ബെന്ഗാളി ഒറിയ മണിപൂർ യു പി തുടങ്ങിയ ഇടങ്ങളിൽ നിനും ഉള്ള പണിക്കാർ. ഞാൻ രണ്ടു മൂനെന്നത്തിനെ കമ്പനി ആകി അടുത്ത തവണ നാട്ടിൽ നിന്നും വരുമ്പോൾ അവരുടെ നാട്ടിലെ സിനിമ നടന്മാരുടെയും നടിമാരുടെയും ഫോട്ടോ കൊണ്ടു വരുവിച്ചു. അതിവിടെ ഒട്ടിച്ചു വച്ചു അടുത്ത ദിവസം മുതൽ ആളുകൾ എത്തി തുടങ്ങി"
രാഘവേട്ടൻ തുറന്നു പിടിച്ച വായയും കൊണ്ട് ഗോപിയെ നോക്കി ഇരുന്നു
"രാഘവേട്ടൻ ഈ മുണ്ടും ഷർട്ടും മാറ്റി ഒരു പാന്റും ഷർട്ടും സംഘടിപ്പിക്കു, പിന്നെ കുറച്ചു ദിവസം തലയിൽ എണ്ണ തെക്കണ്ട, പിന്നെ മുറുക്കും തുടങ്ങിക്കോ. എന്നിട്ട് അടുത്ത ആഴ്ച മുതൽ ആ കാക്കനാട് പോയി നിന്നാൽ മതി, രാവിലെ ആളുകൾ വന്നു കൂട്ടി കൊണ്ട് പോയിക്കോളും. ഒരൊറ്റ അക്ഷരം മലയാളം മിണ്ടരുത്, എന്ത് ചോദിച്ചാലും ക്യാ എന്ന് തിരിച്ചു ചോദിക്കണം, മലയാളി ആണെന്ന് പറഞ്ഞാൽ പണി കിട്ടില്ല, ദിവസം എന്നൂറു രൂപ കിട്ടും, നൂറു രൂപ ദിവസ ചിലവിനു എടുത്തു ബാക്കി ബാങ്കിൽ കൊണ്ട് പോയി അടച്ചോ "
ഗോപി ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അടുത്ത കസ്റ്റമർ എത്തി, ഗോപി ജോലിയിലേക്ക് തിരിഞ്ഞു. തനിക്കു ലഭിച്ച പുതിയ ആത്മ വിശ്വാസത്തിൽ രാഘവേട്ടൻ കടയിൽ നിന്നും പുറത്തിറങ്ങി എന്നിട്ട് തിരിഞ്ഞു നോക്കി ഗോപിയോട് പറഞ്ഞു
"ടീക് ഹൈ ഭയ്യ ..."
beautiful....:)
ReplyDelete