രാവിലെ തന്നെ ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണ് ഉറക്കം ഉണര്‍ന്നത്. ശനിയാഴ്ച ആയതു കൊണ്ടു കുറച്ചു കൂടുതല്‍ സമയം ഉറങ്ങാം എന്ന് കരുതിയിരുന്നു. ഇതാരാ ഇത്ര രാവിലെ. ഞാന്‍ ഫോണ്‍ എടുത്തു നോക്കി, ജെരിനാണ്, ഇവനെന്താ രാവിലെ എന്ന് കരുതി ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. "ഡാ നമ്മുടെ അരവി ആശുപത്രിയില" എന്‍റെ ഉറക്കം പോയി, ഞാന്‍ എഴുനേറ്റു ഇരുന്നു കൊണ്ടു ചോദിച്ചു "എന്ത് പറ്റി?" "കൃത്യമായി അറിയില്ല, വാഹന അപകടം ആണെന്ന് പറഞ്ഞു" " ഏത് ആശുപത്രിയില്‍ ?" "സണ്‍ രൈസില്‍, ഞാന്‍ അങ്ങോട്ട് പോവുകയാ നീ വാ" ജെറിന്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ പെട്ടെന്ന് റെഡി ആയി ബൈക്ക് എടുത്തു ഹോസ്പിറ്റലില്‍ പുറപ്പെട്ടു. റിസപ്ഷനില്‍ തന്നെ ജെറിന്‍ നില്പുണ്ടായിരുന്നു. "പേടിക്കാന്‍ ഒന്നും ഇല്ല, നെറ്റിയില്‍ ഒരു ചെറിയ മുറിവുണ്ട്," "എങ്ങനെയാ അപകടം ഉണ്ടായതു?" ഞാന്‍ ചോദിച്ചു. "അവന്‍ രാവിലെ ഡ്രൈവിംഗ് പഠിക്കാന്‍ പോയതാ, പിന്നെ എന്തുണ്ടായി എന്ന് അറിയില്ല, വാ നമുക്ക് പോയി ചോദിക്കാം" ഞങ്ങള്‍ രണ്ടു പേരും അരവിയുടെ അടുത്തേക്ക് നടന്നു. നെറ്റിയില്‍ ഒരു ചെറിയ ബാന്‍ഡ് ഇട...