Skip to main content

നാട്ടാമ

വര്‍ഷത്തില്‍ മുന്നൂറ്റി ഇരുപത്തി അഞ്ചു ദിവസവും പരമാവധി കച്ചറ ആയി നടക്കുന്ന ശാലു, നാല്പതു ദിവസം മാന്യനാവും, ശബരി മലക്ക് പോവാന്‍ മാല ഇടുന്ന നാല്പതു ദിവസം. രാവിലെ ഒന്‍പതു മണിക്ക് എഴുന്നേല്‍ക്കുകയും പുലര്‍ച്ചെ മൂന്ന് മണിക്ക് ഉറങ്ങുകയും ചെയുന്ന അവന്‍, രാവിലെ ആറു മണിക്ക് ഉണരുകയും രാത്രി പത്തു മണിക്ക് ഉറങ്ങുകയും ചെയ്യും.

സത്യത്തില്‍ ഈ നാല്പതു ദിവസം എനിക്കും നല്ലതാണു, വയ്കുന്നെരങ്ങളില്‍ അമ്പലത്തില്‍ പോവാന്‍, രാവിലെ വിളിച്ചുണര്‍ത്താന്‍, അക്കയുടെ മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ പോവാന്‍, എല്ലാതിനും അവന്‍ കൂടെ വരും. സാദാരണ വായ തുറന്നാല്‍ പച്ച തെറി മാത്രം പറയുന്ന അവന്‍ ഈ നാല്പതു ദിവസം രാവിലെ കുറിയും തൊട്ടു കുഞ്ഞാടിന്റെ മുകവുമായി നടക്കും. ഈ സമയത്തു ആരെങ്കിലും തെറി പറഞ്ഞാലും അവന്‍ തിരിച്ചു ഒന്നും പറയാതെ ചിരിച്ചു കൊണ്ടിരിക്കും (മലക്ക് പോയി തിരിച്ചു വന്നു അത് പലിശ സഹിതം കൊടുക്കുമെന്കിലും).

രാവിലെ കുളി, അല്‍പ നേരം ഭക്തി ഗാനം (കാസെറ്റില്‍), രാവിലെ ഭക്ഷണം അക്ക മെസ്സില്‍, ഉച്ച ഭക്ഷണം കോളേജ് കാന്ടീനില്‍, രാത്രി ഭക്ഷണം അന്പ് ദേവിയില്‍, നോണ്‍ വെജ് ഇല്ല, ബിയര്‍ ഇല്ല, മാസത്തി ഒരാഴ്ച അക്ക മെസ്സില്‍ കയറില്ല.


ഈ അവസരം മുതലെടുത്ത്‌ ഒരു മണികൂര്‍ നേരം ഒരു ശനിയാഴ്ച വയ്കുന്നേരം ജെറിന്‍ ശാലുവിനെ തെറി വിളിച്ചു, ഞാന്‍ മനസ്സില്‍ ഓര്ത്തു

"ഇവന്‍ കൊടുങ്ങലൂര്‍ കാരന്‍ തന്നെ, എന്തൊക്കെ പുതിയ തെറികള്‍"

എല്ലാം കേട്ടിട്ട് ശാലു ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടു പോയി. ജെറിന്‍ ഒരു പുഞ്ചിരിയോടെ തന്‍റെ അയ്യപ്പന്‍ പൊസിഷനില്‍ തിരിച്ചു പോയി.

"ഡാ നീ ഇത്രയും പറഞ്ഞിട്ട് അവന്‍ ഒന്നും മിണ്ടാത്തത്‌ എന്ത് കൊണ്ടാണ് എന്ന് അറിയാമോ?" ഞാന്‍ ചോദിച്ചു.

"അവന്‍ സാമി ആയതു കൊണ്ടല്ലേ, ഞാന്‍ ഇനി നാല്പതു ദിവസവും അവനെ തെറി വിളിക്കും"

"അല്ലെടാ, സാമി ആയവരെ തെറി വിളിച്ചാല്‍, അവര്‍ ചെയ്ത എല്ലാ പാപങ്ങളും വിളിച്ച ആള്‍ക്ക് കിട്ടും, അവനതറിയാം അതാ"

ശാലുവിന്റെ പാപങ്ങള്‍ മുഴുവന്‍ എടുക്കാന്‍ തന്‍റെ കുഞ്ഞു ചുമലുകള്‍ക്ക് ബലം ഇല്ലാത്തതു കൊണ്ടായിരിക്കാം, ജെറിന്‍ കുറച്ചു നേരം തരിച്ചിരുന്നു, പിന്നെ എന്നെ നോക്കി പറഞ്ഞു "നീ ചുമ്മാ പേടിപിക്കാന്‍ പറഞ്ഞതല്ലേ"

"നീ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി" ഞാന്‍ തിരിഞ്ഞു എന്‍റെ റൂമിലേക്ക്‌ നടന്നു.

പക്ഷെ അതിന് ശേഷം ജെറിന്‍ ശാലുവിനെ തെറി വിളിച്ചിട്ടില്ല, മാത്രമല്ല പിന്നെ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോവാന്‍ തുടങ്ങി.

മണ്ഡല കാലത്തു ശാലുവിന് ഒരു കൂടുകാരന്‍ ഉണ്ടായിരുന്നു സ്ഥലത്തെ നാട്ടാമ കൌണ്ടര്‍. വര്‍ഷത്തില്‍ എല്ലാ ദിവസവും മാലയിടുകയും, ചുരുങ്ങിയത് ആറു തവണയെങ്കിലും മലക്ക് പോവുകയും ചെയുന്ന നാട്ടാമ. പി സി ബി യിലെ സജി ഞങ്ങളോട് പറഞ്ഞതു കാങ്ങയം ടൌണിന്റെ പകുതി പുള്ളിയുടെതാണ് എന്നാ, ദിവസവും ശങ്കര്‍ സിമെന്റിന്റെ ഒരു ചക്കിലാണ് പണം പുള്ളിയുടെ വീട്ടില്‍ കൊണ്ടുപോകുന്നത് അത്രേ.

പുള്ളിയുടെ ഹോട്ടല്‍ ആയിരുന്ന അന്പ് ദേവിയില്‍ ആണ് പുള്ളിയെ എന്നും കാണുക, ബാലു അണ്ണനെയും സോക്കന്നനെയും ഉപദേശിച്ചും, അധിധികളെ സല്കരിച്ചും, അവരോട് കുശലം ചോദിച്ചും നാടാമ അവിടെ ഇരിപ്പുണ്ടാകും. ദേഹം മുഴുവന്‍ ഭസ്മവും, നെഞ്ചില്‍ മുഴുവന്‍ മാലകളും, നെറ്റിയില്‍ ചന്ദനവും ആയി ഇരിക്കുന്ന നാടമയെ കാണുമ്പൊള്‍ മനസ്സില്‍ അല്പം പേടി തോനിയിരുന്നു, ഇനി ഇയാള്‍ ചാടി എഴുനീറ്റു തമിള്‍ സിനിമയില്‍ കാണുന്നത് പോലെ.

"നാടാമ തീര്‍പ്പ് മാറ്റ മാട്ടെ" എന്നോ മറ്റോ പറയുമോ എന്ന്, അതിനാല്‍ ഹോട്ടലില്‍ ചെന്നാല്‍ പുള്ളിയെ അധികം നോക്കാതെ ഇലയില്‍ വന്നു വീഴുന്ന പനിയാരം, പൊങ്കല്‍, ഇഡലി, ദോശ, സാംബാര്‍, മുട്ട കറി ഇവ തീര്‍ക്കുന്നതില്‍ ശ്രദ്ധിക്കും. ഒരു തവണ ഞാന്‍ എന്‍റെ ഒരു സംശയം ശാലുവിനോട് ചോദിച്ചു.

"ഡാ ഇയാളെ ആരും എന്താ നാട്ടമേ എന്ന് വിളിക്കാത്തെ, എല്ലാരും അണ്ണാ എന്നാണല്ലോ വിളിക്കുന്നെ"

"പുള്ളികങ്ങനെ വിളിക്കുനത്‌ ഇഷ്ട്ടംയിരിക്കില്ല നീ തിന്നിട്ടു എണിറ്റു വാ"

ഒരു മണ്ഡലകാലതാണ് ഞാന്‍ ഒരു കാര്യം മനസിലാക്കിയത്, സാമിമാര്‍ അന്പ് ദേവിയില്‍ കാശ് കൊടുക്കേണ്ട. അവര്ക്കു ഫ്രീ ആണ്. അതിന് വേണ്ടി ഒന്നു മാലയിട്ടലോ എന്ന് ഞാനും, ഈ തോമ സ്ലിഹ പണ്ടു വന്നില്ലയിരുന്നെകില്‍ നന്നായിരുന്നു എന്ന് ജെരിനും ഓര്ത്തു. ശാലുവിനു നാല്പതു ദിവസം കുശാല്‍.

"ഈ കാശ് മുഴുവന്‍ അങ്ങോരു എന്ത് ചെയ്യും", ദിവസവും ഒരു ചാക്ക് കാശ്.

ഞാന്‍ ഇടക്കൊക്കെ വെറുതെ ഇരുന്നു ആലോചിക്കും. അത്രയും കാശ് കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യും. വേറെ പണി ഒന്നും ഇല്ലാത്ത ഉച്ച നേരങ്ങളില്‍ ഞാന്‍ ആലോചിക്കും.

വര്‍ഷങ്ങള്‍ കടന്നു പോയി, ജോലി കിട്ടി കൊച്ചിയില്‍ എത്തി, വിവാഹം കഴിഞു കുട്ടികളായി. ഭാര്യ നാട്ടില്‍ പോയാല്‍ ഭക്ഷണം ആര്യസില്‍ നിന്നാണ്. അവിടെ തമിള്‍ രീതിയില്‍ ഉള്ള ഭക്ഷണം കിട്ടും. ഭാര്യ നാട്ടില്‍ പോയാല്‍ ഞാന്‍ അവിടത്തെ ഒരു സ്ഥിരം കസ്റ്റമര്‍ ആയിരുന്നു.

"സര്‍ എന്നാ വേണം", പതിവില്ലാതെ തമിലില്‍ ഉള്ള ചോദ്യം കെട്ട് ഞാന്‍ നോക്കി. ഒരു നിമിഷം എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല "നാട്ടാമ", നന്നായി മെലിഞ്ഞിട്ടുണ്ട്, കറുപ്പ് അല്പം കൂടിയിട്ടുണ്ട്, പക്ഷെ നെറ്റിയിലെ ചന്ദനത്തിനും കഴുത്തിലെ മലയും അത് പോലെ തന്നെ, ദേഹത്ത് ഭസ്മം ഉണ്ടോ എന്ന് അറിയില്ല, ഷര്‍ട്ട്‌ ഇട്ടിട്ടുണ്ട്.

"പൂരി മസാല", ഞാന്‍ യാന്ദ്രികമായി പറഞ്ഞു. പുള്ളിക്കെന്നെ മനസിലായിട്ടില്ല, എന്നെ മന്സിലവരുതെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. ഭക്ഷണം കഴിഞ്ഞു കാശു കൊടുത്തു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കൌണ്ടറില്‍ ഇരുന്ന പയ്യനോട് ചോദിച്ചു.

"അതാരാ പുതിയ സപ്ലയര്‍?"

"ഓ പുള്ളിയോ, മൂപര്‍ക്ക് പണ്ടു തമിള്‍ നാട്ടില്‍ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞു, ഒക്കെ നഷ്ടത്തില്‍ ആയപ്പോള്‍ നിര്ത്തി, നല്ല മനുഷ്യനാ, എന്ത് പറ്റി",

"ഒന്നുമില്ല വെറുതെ ചോദിച്ചതാ"

അപ്പോള്‍ ഇങ്ങേരു കൊടിശ്വരന്‍ അല്ലെ, പാവം ആ ഹോട്ടല്‍ നടത്തി കൊണ്ടു പോവുകയായിരുന്നു, ഞാന്‍ ഇതു പറഞ്ഞപ്പോള്‍ ജെരിനും ശാലുവും വിശ്വസിച്ചില്ല, പക്ഷെ ഞാന്‍ ആര്യസില്‍ പോക്ക് നിര്ത്തി.

Comments

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

രാഷ്ട്ര പുനര്‍ നിര്‍മാണത്തിന് നമ്മുടെ സംഭാവന

കൊച്ചിയില്‍ ജോയിന്‍ ചെയ്തിട്ട് രണ്ടു വര്‍ഷം കഴിഞ്ഞ. ഒരു വെള്ളിയാഴ്ച്ച വയ്കുന്നേരം, അപ്പ്രൈസല്‍ റിസള്‍ട്ട്‌ വന്നു. ഭക്ഷണം കഴിഞ്ഞു തിരിച്ചു വീട്ടില്‍ എത്തി. അഭീഷും പ്രദീപും നാട്ടില്‍ പോയി. വീട്ടില്‍ ഞാനും മിഥുനും വിജയും മാത്രം. രണ്ടു പേരും സന്തോഷത്തിലാണ് തെറ്റില്ലാത്ത അപ്പ്രൈസല്‍ കിട്ടിയിട്ടുണ്ട്. ഞാനും സന്തോഷിക്കെണ്ടാതാണ് പക്ഷെ ഞാന്‍ സന്തോഷിച്ചില്ല. താടിക്ക് കയ്യും കൊടുത്തുള്ള എന്‍റെ ഇരിപ്പ് കണ്ട വിജയ്‌ ചോദിച്ചു. "ഡാ നീ എന്താ ഇങ്ങനെ ഇരിക്കുന്നെ, കൂട്ടത്തില്‍ നിനക്കു തെറ്റില്ലാത്ത അപ്പ്രൈസല്‍ കിട്ടിയല്ലോ?" "അപ്പ്രൈസല്‍ കിട്ടി പക്ഷെ ഒരു പ്രശ്നം, കഴിഞ്ഞ ആറു മാസമായി ഞാന്‍ tax ഒന്നും അടച്ചിട്ടില്ല, ഇന്നാണ് സജി പറഞ്ഞതു, അടുത്ത ആറു മാസം എല്ലാ മാസവും ഒരു തുക tax ആയി പിടിക്കും എന്ന്" ഇത്രയും പറഞ്ഞു ഞാന്‍ വീണ്ടും താടിക്ക് കയ്യും കൊടുത്ത് ഇരുന്നു. "നിനക്കു അപ്പ്രൈസല്‍ എത്ര കിട്ടി?" "രണ്ടായിരം രൂപ" "Tax എത്ര കൊടുക്കണം?" "രണ്ടായിരത്തി മുനൂരു രൂപ" വിജയ്‌ ഒരു ചെറിയ പുഞ്ചിരിയോടെ കസേരയില്‍ പോയിരുന്നു. ഞങളുടെ ഇത്രയും നേരത്തെ സംഭാഷണം ക...