ഏതാണ്ട് ഇരുപത്തി അഞ്ചു കൊല്ലം മുൻപ് ബ്രെണ്ണൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ആദ്യമായി എൽദോസിനെ പരിചയപ്പെടുന്നത്. ബി എ എക്കണോമിക്സ് ആയിരുന്നു അവന്റെ മെയിൻ , ഞാൻ ഫിസിക്സ് . അന്ന് അറിഞ്ഞോ അറിയാതെയോ ബ്രെണ്ണൻ രണ്ടായി വിഭജിക്ക പെട്ടിരുന്നു സയൻസ് ഗ്രൂപ്പ് ആർട്സ് ഗ്രൂപ്പ് എന്നിങ്ങനെ , ഈ രണ്ടു വിഭാഗത്തിനും കെട്ടിടങ്ങൾ ഓഫീസുകൾ എല്ലാം വേറെ വേറെ ആയിരുന്നു ഫ്രീ പീരീഡ് ഇരുന്നു സംസാരിച്ചിരുന്ന സ്ഥലങ്ങൾ പോലും. തമ്മിൽ പ്രതെയ്കിച്ചു ദേഷ്യമോ പ്രശ്നമോ ഒന്നും ഇല്ലെങ്കിലും ഇവർ തമ്മിൽ അധികം മിണ്ടിയിരുന്നില്ല. ഇവരെ രണ്ടു പേരെയും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് രാഷ്ട്രീയ കാർ ആയിരുന്നു. സാധാരണ സയൻസ് ഗ്രൂപ് കാരിൽ നിന്നും വ്യത്യസ്ത മായി ഞങ്ങൾ കുറച്ചു പേർ സാഹിത്യവും സിനിമയും ചർച്ച ചെയ്തിരുന്നു. ഒരിക്കൽ ആനന്ദിനെ കുറിച്ച് സംസാരിച്ചു നിന്നപ്പോൾ ആണ് എൽദോസ് ഞങ്ങൾക്ക് ഇടയിലേക്ക് കയറി വന്നത്. "മരുഭൂമികൾ ഉണ്ടാവുന്നത് വായിച്ചിട്ടുണ്ടോ, മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയ ഏറ്റവും നല്ല നോവലുകളിൽ ഒന്നല്ലേ അത് ?" ഒരു മുഖവുരയും ഇല്ലാതെ ഉള്...