മരുമകനും അവന്റെ ഭാര്യയും വന്നു വിളിച്ചപ്പോൾ പയം കുറ്റിക്കു വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ . അവൻ കാവിലെ ഉത്സവത്തിന് വന്നതാ. കോവൂറ്‍ നിന്നും കുറുക്കൻ മൂല പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ മതി. പക്ഷെ പയം കുറ്റി രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ് വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ? ഇന്ന് പയം കുറ്റിക്കു പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാല...