തലമുറകളുടെ മൂത്രം ഖനീഭവിച്ച മൂത്ര പുരയുടെ ചുവരിൽ ആണ് ആദ്യമായി ഞാൻ ആ വാക്യം കണ്ടത് "പോക്കു മാഷ് നീതി പാലിക്കുക", അന്ന് ആറിലോ ഏഴിലോ പഠിക്കുന്ന എനിക്ക് അതിന്റെ അർഥം മനസിലായില്ല. "എന്തോ വളരെ മോശം അർഥം ആണ് " ഷഫീ അല്പം പേടിയോടെ എന്നോട് പറഞ്ഞു. അന്ന് തലശ്ശേരി സെന്റ് ജോസെഫിൽ ഹൈ സ്കൂൾ ക്ലാസ്സിൽ പുരുഷൻ മാരായ അദ്യാപകർ മാത്രമാണ് ക്ലാസ്സ് എടുത്തിരുന്നത്. അതിൽ പെടുന്ന ഒരു സാറായിരുന്നു ഈ പോക്കു മാസ്റ്റർ. ഒരിക്കൽ പോലും ഞങ്ങളുടെ ക്ലാസ്സിന്റെ ഭാഗത്തേക്ക് വരാതിരുന്ന അദ്ദേഹം ഞങ്ങള്ക്ക് ഒരു അന്യ ഗ്രഹ ജീവി ആയിരുന്നു. വർഷങ്ങൾ പോയിക്കൊണ്ടിരുന്നപ്പോൾ, പോക്കു മാഷിന്റെ കൂടുതൽ ക്രുര കൃത്യങ്ങൾ ഞങ്ങൾ കേട്ടു കൊണ്ടിരുന്നു. സമരത്തിന് സ്റ്റൈർ കേസ് വാതിൽ അടച്ചു നിന്ന എ ബി വി പി നേതാവിനെ തല്ലി താഴെ ഇട്ടു, സ്റ്റാഫ് റൂമിൽ വച്ച് പുക വലിച്ചു കൊണ്ടിരുന്നത് പരാതി പറഞ്ഞ മറ്റൊരു സാറിന്റെ മുഖത്ത് മുറുക്കാൻ തുപ്പി, അങ്...