സോഫിയുടെ കയ്യില്‍ നിന്നും ഇറ്റു വീണ ചോര തുള്ളികള്‍ നിലത്തു ഭൂപടത്തിന്റെ രൂപം പ്രാപിച്ചു. കിടക്കയില്‍ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു സോഫിയ അത് കണ്ടു. ഓര്‍മയില്‍ നിന്നും ആ ഭൂപടത്തിനു ഒരു രാജ്യം ഉണ്ടാക്കാന്‍ അവള്‍ ശ്രമിച്ചു. മൂന്ന് ദിവസങ്ങള്‍ക്കു മുന്പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങുമ്പോഴാണ് രവിയെ അവസാനമായി കണ്ടത്. നിയമപരമായി പിരിഞ്ഞിട്ടു ഇപ്പോള്‍ രണ്ടു വര്ഷമായി, അതിന് മൂന്ന് വര്ഷം മുന്പ് തന്നെ മാനസികമായി പിരിഞ്ഞിരുന്നു. മകള്‍ക്ക് വേണ്ടി ഉള്ള കേസ് കോടതിയില്‍ അന്തിമ ഘട്ടത്തിലാണ്. വിടവാങ്ങലിന്റെ അഞ്ചു വര്ഷം കഴിഞ്ഞിട്ടും തനിക്ക് ഇയാളെ വെറുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് സോഫിയ ഓര്ത്തു. പെട്ടെന്ന് സോഫിയയെ കണ്ടപ്പോള്‍ രവിയുടെ മുഖത്ത് എന്തോ ഒരു ഭാവം മങ്ങി മറഞ്ഞു. മുഖത്ത് പുഞ്ഞിരിയുമായി സോഫിയ ചോദിച്ചു. "സുഖമാണോ?" മുഖത്ത് ഒരു ചിരി വരുത്താന്‍ ശ്രമിച്ചു രവി പറഞ്ഞു "ഇങ്ങനെ പോവുന്നു, മോളെ കൊണ്ടുവന്നില്ലേ?" "ഇല്ല അവള്‍ അമ്മമ്മയുടെ കൂടെ ആണ്, നാളെ അല്ലെ കേസിന്റെ വിധി? എന്ത് തോന്നുന്നു" "അറിയില്ല" രവി പതുക്കെ പറഞ്ഞു. സോഫിയയുടെ മധ്...