ഇരുപത്തി ഒന്ന് വർഷം മുൻപത്തെ എം സി എ കാലം, പതിവ് ജീവിത രീതിയിൽ മാറ്റം ഇല്ലാതെ തുടരുന്നു . രാവിലെ എഴുന്നേൽക്കുക അക്ക മെസ്സിൽ നിന്നും ഇഡലിയോ , ദോശയോ , പൊടി പുട്ടോ കഴിക്കുക കോളേജിൽ പോവുക വെറുതെ ഇരിക്കുക (നാലാമത്തെ സെമസ്റ്റർ ആയപ്പോൾ മുതൽ പഠിപ്പിക്കൽ അവസാനിപ്പിച്ചിരുന്നു ). ഉച്ച വരെയേ ക്ലാസ് ഉള്ളു അത് കൊണ്ട് തിരിച്ചു വരിക അൻപ് ദേവിയിൽ (കങ്കയത്തെ ഒരു ഹോട്ടൽ) നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ വന്നു കിടന്നുറങ്ങി വൈകീട്ട് എഴുന്നേൽക്കുക ചായ കുടിക്കുക , രാത്രി വീണ്ടും അൻപ് ദേവിയിൽ നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ പുലർച്ച വരെ കത്തി വച്ച് ഇരിക്കുക ഉറങ്ങുക . ചില ദിവസങ്ങളിൽ ചീട്ടു കളി ഉണ്ടാവും , എനിക്ക് അത് അറിയാത്തതു കൊണ്ട് ആരുടെയെങ്കിലും പുറകിൽ ഇരുന്നു അയാളുടെ ചീട്ടിൽ നോക്കി കൊണ്ട് സംശയം ചോദിച്ചിരിക്കും . മിക്കവാറും ശാലുവിന്റെ ആയിരിക്കും . “ഈ പൂക്കൾ പോലെ ഉള്ളത് ക്ലാവർ ആണോ , കിംഗ് ആണോ ക്വീൻ ആണോ വലുത് , ഈ ജോക്കറുകൾക്കു വേറെ വേറെ ചിഹ്നം ഉണ്ടോ “ തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾ ആണ് മിക്കപ്പോഴും , എത്ര തവണ ചോദിച്ചാലും ഷാലു ക്ഷമയോടെ “എടാ മോനെ അത് ക്ലാവർ ആണ്, ഇത് സ്പേഡ് ആണ് , ക്...